| Monday, 6th June 2016, 11:27 am

വോട്ടു കച്ചവടക്കാരെ പൊതു സമൂഹത്തിനറിയാം; കെ.പി.എ മജീദിന്റെ ആരോപണം നിലവാരമില്ലാത്തത്: മുസ്‌ലിം ജമാഅത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ബി.ജെ.പിക്ക് വോട്ടു വിറ്റുവെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ ആരോപണത്തിന് മറുപടിയുമായി മുസ്‌ലിം ജമാഅത്ത്. ഈ തിരഞ്ഞെടുപ്പിലും മുമ്പ് വടകരയും ബേപ്പൂരുമടക്കമുള്ള മണ്ഡലങ്ങളിലും ലീഗുകാര്‍ വോട്ടു കച്ചവടം നടത്തിയ വിവരം ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനുമറിയാമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ കാന്തപുരത്തെ തേടി മര്‍കസിലെത്തിയ ഡോ. എം കെ മുനീര്‍ മുതല്‍ പി.കെ ബഷീര്‍ വരെയും ഇ.സുലൈമാന്‍ മുസ്‌ലിയാരെ വന്നുകണ്ട പി. കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും വോട്ട് കച്ചവടത്തിനാണോ എത്തിയതെന്ന് മജീദ് വ്യക്തമാക്കണമെന്നും ലീഗിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

പ്രത്യേക അജണ്ടകള്‍ വെച്ചാണ് കെ.പി.എ മജീദ് തങ്ങള്‍ക്കെതിരെ തിരിയുന്നതെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനം നിലനിര്‍ത്തുന്നതിനായി ചിലരെയൊക്കെ പ്രീതിപ്പെടുത്താനാണ് മജീദ് ശ്രമിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഗുജാറത്തിലെ ഇരകള്‍ക്ക് വീട് വെക്കാന്‍ പിരിച്ച പണത്തിന്റെ കണക്കുപോലും പറയാന്‍ കഴിയാത്തവരാണ് ഗുജറാത്തിലെ കാന്തപുരത്തിന്റെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത്. വ്യാജ ആരോപണങ്ങളുന്നയിക്കുന്നവരോട് സഹതാപമേ ഉള്ളൂ.

തെരഞ്ഞെടുപ്പില്‍ മതേതര ശക്തികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വീകരിച്ച സംഘടന സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും കേരള മുസ്‌ലിം ജമാഅത്ത് പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more