| Wednesday, 7th September 2022, 8:06 pm

അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് യൂണിവേഴ്‌സിറ്റി അതിന്റെ ഊര്‍ജ്ജം പ്രധാനമായും ചെലവഴിക്കേണ്ടത്; ഡോക്ടറേറ്റ് നിരസിച്ച് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഡോക്ടറേറ്റ് നല്‍കാനുള്ള പ്രമേയത്തില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്ന് ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കല്‍ മുസ്‌ലിയാര്‍. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് കാന്തപുരത്തിനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഡി-ലിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

സിന്‍ഡിക്കേറ്റ് അംഗം അബ്ദുറഹീമായിരുന്നു വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്.

കാന്തപുരത്തിന് ഡി-ലിറ്റ് നല്‍കാനുള്ള പ്രമേയത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അറിഞ്ഞതെന്നും കാന്തപുരത്തിന്റെ ഓഫീസ് പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്യുന്ന സര്‍വകലാശാല എന്ന നിലയില്‍ അക്കാദമിക രംഗത്ത് വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥാപനമാണ് യൂണിവേഴ്‌സിറ്റിയെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഏറെ താത്പര്യത്തോടെയാണ് തങ്ങള്‍ നോക്കിക്കാണുന്നതെന്നും കാന്തപുരത്തിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

‘കേരളത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുകയും ചെയ്യുന്ന സര്‍വകലാശാല എന്ന നിലയില്‍ അക്കാദമിക രംഗത്ത് വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥാപനമാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്. മര്‍കസ് അതിന്റെ പല വിദ്യാഭ്യാസ പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ തെരഞ്ഞെടുത്ത മലബാറില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും മര്‍കസും വളരെ താത്പര്യത്തോടെയാണ് നോക്കിക്കാണാറുള്ളത്.

അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ ഊര്‍ജ്ജം പ്രധാനമായും പ്രാഥമികമായും ചെലവഴിക്കേണ്ടത് എന്നാണ് മര്‍കസിന്റെ വിശ്വാസം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികള്‍ നേരിടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഈ മേഖലയില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിയുന്ന ഒട്ടനവധി അനുകൂല സാഹചര്യങ്ങള്‍ ഉള്ള ഒരു യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ ഈ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കാന്‍ കാലിക്കറ്റിന് കഴിയുകയും ചെയ്യും,’

വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് കൂടുതല്‍ വ്യാപൃതരാവണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു

‘വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് കൂടുതല്‍ വ്യാപൃതരാവണം എന്നതാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെയും മര്‍കസിന്റെയും താത്പര്യം. യൂണിവേഴ്‌സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഹോണററി പദവികള്‍ നല്‍കുന്നതില്‍ അല്ല, മറിച്ച് യൂണിവേഴ്‌സിറ്റിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് എത്തുന്ന യൂണിവേഴ്‌സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താല്‍പര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങള്‍ നല്‍കുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

അതുവഴി മലബാറിനെ ഒരു എജ്യൂക്കേഷന്‍ ഹബ്ബാക്കി മാറ്റാന്‍ നമുക്ക് കഴിയണം. സമാനമായ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ മര്‍കസിനും മര്‍കസ് നോളജ് സിറ്റിക്കും അനുബന്ധ സംരംഭങ്ങള്‍ക്കും യൂണിവേഴ്‌സിറ്റിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒട്ടനവധി പ്രവര്‍ത്തന മേഖലകള്‍ ഉണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മര്‍കസിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പടെയുള്ള എല്ലാവിധ പിന്തുണകളും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

കാന്തപുരത്തിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയുടെ പൂര്‍ണരൂപം:

പ്രിയപ്പെട്ട പ്രൊഫ. എം. കെ. ജയരാജ്,
വൈസ് ചാന്‍സിലര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്,

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് സ്ഥാപകനുമായ ബഹു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഡി-ലിറ്റ് നല്‍കുന്നതിനായി യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റിന്റെ സിന്‍ഡിക്കേറ്റില്‍ ഒരു പ്രമേയം അവതരിപ്പിച്ചുവെന്നത് സംബന്ധിച്ച് വന്ന വാര്‍ത്തയില്‍ പ്രതികരണം തേടി നിരവധി മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഞങ്ങളെ ബന്ധപ്പെടുകയുണ്ടായി. ബഹു. ഗ്രാന്‍ഡ് മുഫ്തിയുടെ ഓഫീസിന് ഇതേ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ഞങ്ങളവരെ അറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി.

കേരളത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്യുന്ന സര്‍വകലാശാല എന്ന നിലയില്‍ അക്കാദമിക രംഗത്ത് വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥാപനമാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്. മര്‍കസ് അതിന്റെ പല വിദ്യാഭ്യാസ പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ തിരഞ്ഞെടുത്ത മലബാറില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും മര്‍കസും വളരെ താത്പര്യത്തോടെയാണ് നോക്കിക്കാണാറുള്ളത്.

അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ ഊര്‍ജ്ജം പ്രധാനമായും പ്രാഥമികമായും ചെലവഴിക്കേണ്ടത് എന്നാണ് മര്‍കസിന്റെ വിശ്വാസം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികള്‍ നേരിടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഈ മേഖലയില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിയുന്ന ഒട്ടനവധി അനുകൂല സാഹചര്യങ്ങള്‍ ഉള്ള ഒരു യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ ഈ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കാന്‍ കാലിക്കറ്റിന് കഴിയുകയും ചെയ്യും.

വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് കൂടുതല്‍ വ്യാപൃതരാവണം എന്നതാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെയും മര്‍കസിന്റെയും താല്‍പര്യം. യൂണിവേഴ്‌സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഹോണററി പദവികള്‍ നല്‍കുന്നതില്‍ അല്ല, മറിച്ച് യൂണിവേഴ്‌സിറ്റിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് എത്തുന്ന യൂണിവേഴ്‌സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താത്പര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങള്‍ നല്‍കുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതുവഴി മലബാറിനെ ഒരു എജ്യൂക്കേഷന്‍ ഹബ്ബാക്കി മാറ്റാന്‍ നമുക്ക് കഴിയണം. സമാനമായ താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ മര്‍കസിനും മര്‍കസ് നോളജ് സിറ്റിക്കും അനുബന്ധ സംരംഭങ്ങള്‍ക്കും യൂണിവേഴ്‌സിറ്റിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒട്ടനവധി പ്രവര്‍ത്തന മേഖലകള്‍ ഉണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മര്‍കസിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പടെയുള്ള എല്ലാവിധ പിന്തുണകളും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.

ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ബഹു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ പേര് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. പ്രതിസന്ധികള്‍ ഏറെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റിന് കഴിയട്ടെ.

വിശ്വസ്തതയോടെ,

അക്ബര്‍ ബാദുഷ സഖാഫി
സെക്രട്ടറി
ഓഫീസ് ഓഫ് ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ

Content Highlight: Kanthapuram rejects  doctorate from Calicut University

We use cookies to give you the best possible experience. Learn more