| Saturday, 8th July 2023, 10:59 pm

സിവില്‍ കോഡ് രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കും; പ്രധാനമന്ത്രിക്കും നിയമ കമ്മീഷനും കത്തയച്ച് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക സിവില്‍ കോഡ് രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുമെന്ന ആശങ്കയുണ്ടെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ കമ്മീഷനും നിവേദനം അയച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

‘ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏകീകൃത സിവില്‍ കോഡ് വഴിവെക്കും. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാലോചന നടത്തണം.

സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ഇന്ത്യ ഇന്ന് കാണുന്ന പ്രതാപവും വികസനവും കൈവരിച്ചത്. രാജ്യപുരോഗതിയെ ഈ വൈവിധ്യങ്ങള്‍ ഹനിക്കുന്നില്ലെന്നും മതേതര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്,’ എന്നും കാന്തപുരം നിവേദനത്തില്‍ പറയുന്നു.

അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തില്‍ ഐ.എന്‍.എല്‍ സംഘടിപ്പിക്കുന്ന സിമ്പോസിയത്തിലേക്ക് കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും ക്ഷണിച്ചു. ജൂലൈ 11ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ഐ.എന്‍.എല്‍ ഇരു പ്രതിപക്ഷ കക്ഷികളെയും ക്ഷണിച്ചിട്ടുള്ളത്.

ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാറും മുസ്‌ലിം ലീഗ് നേതാവ് ഉമ്മര്‍ പാണ്ടികശാലയും ഈ പരിപാടിയില്‍ പങ്കെടുക്കും. മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

കാന്തപുരം അയച്ച നിവേദനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

‘ബഹുസംസ്‌കാരവും വൈവിധ്യവുമാണ് ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ പ്രധാന സവിശേഷത. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ജനന-മരണ-വിവാഹ കര്‍മങ്ങള്‍, അനന്തരാവാകാശ നിയമങ്ങള്‍ എന്നിവയെല്ലാം ഏറെ വ്യത്യസ്തമാണ്.

ഈ സാംസ്‌കാരിക വൈവിധ്യം നിലനില്‍ക്കെ തന്നെയാണ് ഇന്ത്യ വളര്‍ന്നതും ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയതും. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ പിന്തുടരുന്ന സംസ്‌കാരങ്ങളും വിശ്വാസങ്ങളും ഏതെങ്കിലും ലക്ഷ്യം നേടുന്നതിനോ ശാസ്ത്ര സാങ്കേതിക പുരോഗതി നേടുന്നതിനോ തടസ്സം നില്‍ക്കുന്നില്ല.

മതേതര ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഭൂരിപക്ഷങ്ങളുടേതിന് തുല്യമായി പരിഗണിക്കപ്പെടണം. ഇന്ന് നാം കാണുന്ന ഇന്ത്യന്‍ സംസ്‌കാരം എല്ലാ വിഭാഗങ്ങളുടെയും തനത് മൂല്യങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞ് വന്നതാണ്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങള്‍ അറിഞ്ഞുതന്നെയാണ് ഭരണഘടനാ നിര്‍മാതാക്കള്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങളും മതാചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്‍ക്കൊള്ളുന്ന വിധം മൗലികാവകാശങ്ങള്‍ ചിട്ടപ്പെടുത്തിയത്.

അത്തരം അവകാശങ്ങളിലേക്ക് നുഴഞ്ഞു കയറുന്ന വിധം നിയമനിര്‍മാണങ്ങള്‍ ഉണ്ടാവുന്നത് ആശങ്കാജനകമാണ്. വിശ്വാസികളുടെ രീതികളും ചര്യകളും തനത് രൂപത്തില്‍ തന്നെ പിന്തുടരാനുള്ള അവകാശം എക്കാലത്തും നിലനില്‍ക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് കൂടുതല്‍ സൗന്ദര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഓരോ മതവിശ്വാസികളും പവിത്രമായി കാണുന്ന പാരമ്പര്യ രീതികള്‍ പിന്തുടരാന്‍ അവകാശമുണ്ടാവണം.

വ്യക്തിനിയമങ്ങളില്‍ പോരായ്മകളോ മറ്റോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ടെങ്കില്‍ അതത് മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണാന്‍ ശ്രമിക്കാവുന്നതാണ്. അതല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ സമൂഹത്തിന് മുന്നില്‍ ചര്‍ച്ചക്കിടുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

വിവിധ ഗോത്ര വിഭാഗങ്ങള്‍ ഏകീകൃത സിവില്‍ കോഡില്‍ ആശങ്ക അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഇത്തരം വിഭാഗങ്ങളുടെ ആശങ്കകള്‍ മുന്നില്‍കണ്ട് നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണം.

Content Highlights: Kanthapuram musliar writes letter to modi and amit sha regarding civil code

We use cookies to give you the best possible experience. Learn more