വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമെന്ന് കാന്തപുരത്തിന് നേരത്തെ അറിയാമായിരുന്നു: അവകാശവാദവുമായി ശിഷ്യന്‍
Kerala News
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമെന്ന് കാന്തപുരത്തിന് നേരത്തെ അറിയാമായിരുന്നു: അവകാശവാദവുമായി ശിഷ്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 4:32 pm

 

കോഴിക്കോട്: ലോകത്തെ പിടിച്ചുകുലുക്കിയ യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നെന്ന അവകാശവാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന്‍. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പീരിയത്തിന്റെ പ്രസംഗം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗത്തിലാണ് ഇങ്ങനെ പറയുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അടുത്ത ശിഷ്യന്മാരുമായി അമേരിക്ക സന്ദര്‍ശിച്ച കാന്തപുരം വിസ തീരാന്‍ മൂന്നുദിവസം ബാക്കി നില്‍ക്കെ തിരിച്ചുവരണമെന്ന് വാശിപിടിക്കുകയായിരുന്നു. മൂന്നുദിവസം കൂടെ കഴിഞ്ഞ് തിരികെ പോകാനായിരുന്നു ടിക്കറ്റ് എടുത്തത്. എന്നാല്‍ അന്നുതന്നെ തിരിച്ചുപോകണമെന്ന് ശിഷ്യന്‍മാര്‍ക്കു മുമ്പില്‍ കാന്തപുരം വാശി പിടിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.

തുടര്‍ന്ന് കാന്തപുരവും അനുയായികളും പെട്ടെന്നു തന്നെ നാട്ടിലേക്കു മടങ്ങി. അതിന്റെ പിറ്റേദിവസത്തെ പത്രങ്ങളുടെ പ്രധാന തലക്കെട്ട് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടുവെന്നതായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഇതിനു പിന്നാലെ താടിയും തലപ്പാവും വെച്ചവരെ യു.എസില്‍ തെരഞ്ഞെടുപിട്ട് പൊലീസ് ഉപദ്രവിക്കുകയാണുണ്ടായത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കാന്തപുരം തിരിച്ചുപോന്നതെന്നാണ് അബ്ദുള്‍ റഷീദ് സഖാഫി പറയുന്നത്. ഇത് കാന്തപുരത്തിന്റെ കറാമത്തിന്റെ (ദിവ്യജ്ഞാനം) തെളിവാണെന്നും അദ്ദേഹം പറയുന്നു.

അബ്ദുള്‍ റഷീദ് സഖാഫിയുടെ പ്രസംഗത്തില്‍ നിന്ന്:

കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ യാത്ര ഉസ്താദ് നടത്തി. അന്ന് ചുള്ളിക്കോട് ഉസ്താദ് കൂടെയുണ്ട്. ബാഫഖി തങ്ങള്‍ കൂടെയുണ്ട്. അങ്ങനെ അവിടെ നിന്ന് ഏകദേശം ഒരാഴ്ച വിസിറ്റ് ചെയ്തു. പിന്നെയും മൂന്ന് ദിവസത്തെ വിസ ബാക്കിയുണ്ട്. വെറുതെ ഇരിക്കുമ്പോള്‍ ഉസ്താദ് ചുളിക്കോട് ഉസ്താദിനോടു പറഞ്ഞു, “എനിക്കു നാളെ പോകണം”. എന്താ ഉസ്താദേ നാളെപ്പോണെ, മൂന്ന് ദിവസം കൂടിയുണ്ടല്ലോ വിസ. മാത്രമല്ല ടിക്കറ്റും അതു കഴിഞ്ഞിട്ടാണല്ലോ . പറഞ്ഞാല്‍ പറ്റ്വേല, എനിക്കു നാളെ പോണം എന്നു പറഞ്ഞു. ഉസ്താദേ വാഷിങ്ടണില്‍ നമ്മളെത്തിയിട്ടില്ല, അതൊക്കെ നിങ്ങള് പോയിക്കോ എനിക്ക് പോണം. ഉസ്താദെന്താ കുട്ടികളെപ്പോലെ ചിത്താതെ പിടിച്ചു പറയുന്നത്. അതിങ്ങള് എന്തും പറഞ്ഞോ എനിക്ക് എന്റെ ടിക്കറ്റ് ക്യാന്‍സലാക്കി നാളെത്തന്നെ ഇവിടുന്ന് പോണം.

പിന്നെ അവിടെ തിരുവായ്ക്ക് എതിര്‍വായില്ലല്ലോ. മറ്റേ ടിക്കറ്റ് ക്യാന്‍സലാക്കി പുതിയ ടിക്കറ്റെടുത്തു. എ.പി ഉസ്താദ് ഇങ്ങോട്ട് വരികയാണ്. ഉസ്താദ് ഇവിടെയെത്തിയതിന്റെ പിറ്റേദിവസം മുഴുവന്‍ പത്രങ്ങളുടെയും ഫ്രണ്ട് പേജില്‍ ന്യൂസ്. എന്തായിരുന്നു ന്യൂസ്? അത് അമേരിക്കയില്‍ വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു. ഉസാമാ ബിന്‍ ലാദനാണ് അതിന് പിന്നില്‍. മുസ്‌ലിം തീവ്രവാദികളാണ് അത് തകര്‍ത്തത്.

അരിച്ചു പെറുക്കിയുള്ള മുസ് ലിം പീഡനം. തലപ്പാവും താടിയും കണ്ടാല്‍ ഉദ്യോഗസ്ഥര്‍മാര്‍ക്കുള്ള കയര്‍ക്കലും, ആകെ വിശമിക്കുമായിരുന്നു. പക്ഷേ അതില്‍ നിന്ന് കാന്തപുരം ഉസ്താദ് അത്ഭുതകരമായി പോന്നത് ഇത് ഞാന്‍ പറയുമ്പോഴും നിങ്ങളത് കണ്ണുതുറിച്ച് നോക്കേണ്ടതില്ല.