| Thursday, 1st March 2018, 5:18 pm

എം.എം അക്ബറിന്റെ അറസ്റ്റ്; വിശദാംശങ്ങള്‍ അറിയില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സലഫി പണ്ഡിതനും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറുമായ എം.എം അക്ബറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അക്ബറിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ബാബരി മസ്ജിദ് വസ്തു തര്‍ക്ക കേസില്‍ കോടതിക്ക് പുറത്തുള്ള ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും കോടതി ഇടപെട്ടു ന്യായമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കാന്തപുരം പറഞ്ഞു. സ്ഥലം ഭാഗം വെയ്ക്കുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. മസ്ജിദ് മുസ്ലിമിന്റേതാണ്. അത് പൊളിച്ചതിനോടും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ വ്യക്തികള്‍ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശിക്ഷ നല്‍കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല. വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എം.ഡി എം.എം. അക്ബര്‍
ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചാണു പിടിയിലായത്. നേരത്തെ സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചെന്ന കേസില്‍ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പീസ് സ്‌കൂളിനെതിരെ പോലീസ് കേസെടുക്കുകയും പുസ്തകം തയ്യാറാക്കിയ മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരെ അറസ്റ്റും ചെയ്തിരുന്നു. എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും അയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നതിനിടയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ അക്ബര്‍ പിടിയിലാകുന്നത്.

We use cookies to give you the best possible experience. Learn more