സ്ത്രീയേക്കാള്‍ മനക്കരുത്ത് പുരുഷന്; പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ചുപോകും: കാന്തപുരം
Daily News
സ്ത്രീയേക്കാള്‍ മനക്കരുത്ത് പുരുഷന്; പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ചുപോകും: കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th November 2015, 2:01 pm

kanthapuram-2

കോഴിക്കോട് : ലിംഗസമത്വം പ്രകൃതിവിരുദ്ധവും മനുഷ്യത്വവിരുദ്ധവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീയും പുരുഷനും സമന്‍മാരാണെന്ന് പറയാന്‍ കഴിയില്ല. സ്ത്രീയേക്കാള്‍ മനക്കരുത്ത് പുരുഷനാണ്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി സ്ത്രീയ്ക്കും പുരുഷനും ഒരോ ചുമതലകള്‍നല്‍കിയിട്ടുണ്ട്. സ്ത്രീയ്ക്ക് ആഹാരം ഉണ്ടാക്കുകയും കുട്ടികളെ പ്രസവിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യണമെന്നതാണ് ചുമതല. അവര്‍ക്കേ പ്രസവിക്കാന്‍ കഴിയൂ. പുരുഷന് ഭരണപരമായ ചുമതലയാണ് പ്രകൃതി നല്‍കുന്നത്. പുരുഷന്‍ അധ്വാനിച്ച് വീട്ടില്‍ വരുമ്പോള്‍ അവന് ആഹാരം ഉണ്ടാക്കിക്കൊടുക്കേണ്ടവളാണ് സ്ത്രീ. അതാണ് സ്ത്രീയുടെ ചുമതല. ലോകനടത്തിപ്പ് തന്നെ അതാണ് കാണിക്കുന്നത്.

ഡോക്ടര്‍മാരുടെ കാര്യം തന്നെ എടുത്തുനോക്കിയാല്‍ വിദഗ്ധരായ ആയിരം പുരുഷ ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവിടെ ഒരു സ്ത്രീ ഡോക്ടറെ ഉണ്ടാകുകയുള്ളൂ. വലിയ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സ്ത്രീക്ക് മനക്കരുത്തില്ല. അതിന് പുരുഷന്‍ തന്നെ വേണം.

പ്രവാചകനേയും ഖലീഫമാരേയും എടുത്തുനോക്കിയാല്‍ അതിലൊന്നും ഒരു സ്ത്രീയെപ്പോലും കാണാന്‍ സാധിക്കില്ല. ഒരു യുദ്ധത്തിലും സ്ത്രീ
നേതൃത്വം നല്‍കിയിരുന്നില്ല. സകല മേഖലകള്‍ എടുത്തുനോക്കിയാലും സ്ത്രീയും പുരുഷനും സമന്‍മാരാണെന്ന് പറയാന്‍ കഴിയില്ലെന്നും കാന്തപുരം പറഞ്ഞു.

ആണും പെണ്ണും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുയെന്നത് ഒരിടത്തും ഇതുവരെ നടക്കാത്ത കാര്യമാണ്. ക്ലാസുകളില്‍ ഒരേ ബഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെയുള്ള ഒളിയമ്പാണ്. മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനങ്ങളും നടക്കുന്നില്ല, ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും കാന്തപുരം പറഞ്ഞു.

ചുംബനമത്സരം മനുഷ്യത്വവിരുദ്ധവുമാണെന്ന് താന്‍ മാത്രമാണ് നേരത്തെ പറഞ്ഞതെന്നും നേതാക്കള്‍ പിടിയിലായതോടെ അത് വ്യക്തമായെന്നും കാന്തപുരം പറഞ്ഞു. ഇസ്ലാമിക സദാചാരമൂല്യത്തിന് എതിരാണ് ചുംബനസമരമെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.