തിരുവനന്തപുരം: ഹിന്ദി ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളത്തിലെ നിലനില്‍ക്കുന്ന സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ചിത്രം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദ്വേഷ പ്രചരണങ്ങള്‍ വ്യാപകമാവുകയാണെന്നും ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കാന്തപുരം പറഞ്ഞു. ഇസ്‌ലാം മതം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ലവ് ജിഹാദ് ആരോപണങ്ങള്‍ തെറ്റാണെന്ന് സൂപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സഹിഷ്ണുതക്കും സാഹോദര്യത്തിനും മതസൗഹാര്‍ദത്തിന്റെയും നാടാണ് ഇന്ത്യ. എന്നാല്‍ സമീപകാലത്തായി ഈ കെട്ടുറപ്പ് തകര്‍ക്കുകയും മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. അതിനു പിന്നില്‍ പല താത്പര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ദി കേരള സ്റ്റോറിയെന്ന ചിത്രം.
ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേര്‍ക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. തീര്‍ത്തും തെറ്റായ പ്രചാരണമാണിത്. ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല.
മാത്രമല്ല ലൗ ജിഹാദ് എന്നത് നമ്മുടെ നാട്ടില്‍ ഇല്ല എന്ന് നീതിന്യായ സംവിധാനങ്ങളും പാര്‍ലമെന്റും തീര്‍പ്പ് പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചരണം നടത്തുന്നത് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയാണ്,’ കാന്തപുരം പറഞ്ഞു.
പ്രസംഗത്തിനിടെ ചരിത്ര പുസ്തകങ്ങളില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും കാന്തപുരം വിമര്‍ശിച്ചു. ചരിത്രം തിരുത്തിക്കുറിക്കുന്നത് രാജ്യത്തിന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണം. പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിപ്പിക്കണം. രാഷ്ട്രീയവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. രാജ്യത്തിന്റെ പൂര്‍വ ചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണ്,’ അദ്ദേഹം പറഞ്ഞു.