Daily News
'മഹര്‍ഷിയെ തിരുത്തി കാന്തപുരം': മോദിയെ വിമര്‍ശിച്ച വിശ്വഭദ്രാനന്ദ ശക്തിബോധിയെ തിരുത്തിച്ച കാന്തപുരത്തെ പ്രശംസിച്ച് എ.പി വിഭാഗം: വിമര്‍ശനവുമായി എതിരാളികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 29, 09:35 am
Tuesday, 29th November 2016, 3:05 pm

ഒരു ഹിന്ദു മഹര്‍ഷിയെ അവസരോചിതമായി ഇടപെട്ട് നേരിന്റെ വഴി ഉപദേശിക്കാന്‍ ധൈര്യപ്പെട്ട ആ വിശ്വ പണ്ഡിതന്‍ മലയാളിയായ “കാന്തപുരം ഉസ്താദ്” ആയിരുന്നു എന്ന് പറഞ്ഞാണ് കാന്തപുരത്തെ ഇവര്‍ പ്രശംസിക്കുന്നത്.


കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലയ്ക്ക് വെളിവില്ലാത്തവന്‍ എന്ന് വിശേഷിപ്പിച്ച വിശ്വഭദ്രാനന്ദ ശക്തിബോധിയെ അതേ വേദിയില്‍ തിരുത്തിച്ച കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാരെ പുകഴ്ത്തി എ.പി വിഭാഗം.

മഹര്‍ഷിയെ തിരുത്തി കാന്തപുരം എന്ന് പറഞ്ഞുകൊണ്ടാണ് എ.പി വിഭാഗം വാര്‍ത്ത ആഘോഷമാക്കുന്നത്.

പ്രസംഗ ശേഷം സദസ്സില്‍തന്നെ വന്ന് ഇരുന്ന സ്വാമിജിയോട് ആശയപരമായും ആദര്‍ശപരമായും വിമര്‍ശിക്കാമെന്നും പക്ഷെ ആരെയും വ്യക്തിഹത്യ ചെയ്യാന്‍ പാടില്ലെന്നും കാന്തപുരം ഉപദേശിച്ചെന്നും ഉപദേശം ഉള്‍ക്കൊണ്ട സ്വാമിജി മൈക്കിനുമുമ്പില്‍ തിരികെ വന്ന് തന്റെ വാക്കുകള്‍ പിന്‍വലിക്കുകയായിരുന്നെന്നുമാണ് എ.പി വിഭാഗം പറയുന്നത്.

kanthapuram0

ഒരു ഹിന്ദു മഹര്‍ഷിയെ അവസരോചിതമായി ഇടപെട്ട് നേരിന്റെ വഴി ഉപദേശിക്കാന്‍ ധൈര്യപ്പെട്ട ആ വിശ്വ പണ്ഡിതന്‍ മലയാളിയായ “കാന്തപുരം ഉസ്താദ്” ആയിരുന്നു എന്ന് പറഞ്ഞാണ് കാന്തപുരത്തെ ഇവര്‍ പ്രശംസിക്കുന്നത്.

എന്നാല്‍ പ്രസംഗത്തിന് ശേഷം സ്വാമി തിരുത്തുകയല്ല ചെയ്തതെന്നും ആവാക്ക് ഈ വേദിയില്‍ നിന്നും പിന്‍വലിക്കുന്നെന്നും അടുത്ത വേദിയില്‍ പറയാനായി തന്റെ നിഘണ്ടുവില്‍ ഏറ്റവും ആദ്യം ആ പദം സൂക്ഷിച്ചും എന്ന് വിശദീകരിക്കുകയായിരുന്നു എന്നും പറഞ്ഞുകൊണ്ടാണ് സ്വാമിയെ അനുകൂലിക്കുന്നവര്‍ ഇതിനെ പ്രതിരോധിക്കുന്നത്. കാന്തപുരം ആ വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നത് ബാബാ രാംദേവിനെആയിരുന്നെന്നും വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്തു വെച്ചു നടന്ന എ.പി വിഭാഗം സമസ്തയുടെ അവകാശ സംരക്ഷണ സമ്മേളത്തിലായിരുന്നു വിശ്വഭദ്രാനന്ദയുടെ മോദിക്കെതിരായ പരാമര്‍ശം.

രാജ്യത്തെ പ്രധാനമന്ത്രി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന് പരിഹാസഭാവത്തോടെ പറഞ്ഞ സ്വാമി ആ വാക്ക് തന്റെ പ്രസംഗത്തിലുടനീളം അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

south1

ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്നത് എന്നായിരുന്നു ശക്തിബോധിയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ തന്റെ നാക്ക് മലിനമാകുമെന്നും സ്വാമി പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു ആളായ ഗാന്ധിജി പ്രതിനിധീകരിക്കുന്ന ഹിന്ദുവാണ് താനെന്നും ആ നിലയ്ക്ക് പരിപാടിക്ക് ആശംസ നേരുന്നുവെന്നും പറഞ്ഞ് വിശ്വഭദ്രാനന്ദ പ്രസംഗം അവസാനിപ്പിച്ചു.

എന്നാല്‍ പ്രസംഗം നിര്‍ത്തി തന്റെ സമീപമിരുന്ന സ്വാമിയോട് വ്യക്തിഹത്യനടത്താന്‍ പാടില്ലെന്ന് കാന്തപുരം പറയുകയായിരുന്നു തുടര്‍ന്ന് വീണ്ടും പ്രസംഗ പീഠത്തിലെത്തിയ വിശ്വഭദ്രാനന്ദ തന്റെ വാക്കുകള്‍ പിന്‍വലിക്കുന്നതായി അറിയിച്ചു.

“”ഞാനിവിടെ ഉപയോഗിച്ച ഒരു പദം അല്‍പം തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് തോന്നുന്നു. അത് തലയ്ക്ക് വെളിവില്ലാത്ത ആള് എന്ന പദമാണ്. കാര്യമൊക്കെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. പക്ഷെ അത് ഞാന്‍ ഈ വേദിയില്‍ പറയുന്നത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നത് കൊണ്ട്, അത് മറ്റു വേദികളില്‍ ഉപയോഗിക്കാനായി എന്റ നിഘണ്ടുവില്‍ ഏറ്റവുമാദ്യം തന്നെ സൂക്ഷിച്ചുകൊണ്ട് ഇവിടെ ആവാക്ക് പിന്‍വലിക്കുന്നതായി അറിയിക്കുന്നു.”” ഇതായിരുന്നു വിശ്വഭദ്രാനന്ത ശക്തി ബോധിയുടെ വാക്കുകള്‍.

അതേസമയം തന്റെ സംഘടനയിലുള്ളവരെ പോലും തെറിപറയുമ്പോള്‍ പ്രതികരിക്കാത്ത കാന്തപുരം മോദിയെ വിമര്‍ശിക്കുമ്പോള്‍ മാത്രം ശക്തമായി രംഗത്തെത്തുന്നതിനെതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മോദി ഭരണത്തെ പ്രശംസിച്ചുകൊണ്ടുള്ള നിലപാടാണ് ഇതുവരെ കാന്തപുരം എടുത്തത്. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നുമായിരുന്നു ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അടുത്തിടെ കാന്തപുരം പറഞ്ഞത്.