കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കാരണം സംസ്ഥാനത്താകെയുള്ള വ്യാപാരികള്‍ വലിയ പ്രയാസങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
ബലിപെരുന്നാളിനും വെള്ളിയാഴ്ചകളിലെ ജുമുഅക്കും ആരാധനയുടെ നിര്‍വഹണത്തിന്, മതപരമായി അനിവാര്യമായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി പള്ളികളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റിവ് കേസുകള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങള്‍ വിശദമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
‘ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു എല്ലാ ദിവസവും സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ പരിമിതമായ ദിവസങ്ങള്‍ മാത്രം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് കാരണം, ആ ദിനങ്ങളില്‍ അനുഭവപ്പെടുന്ന ജനത്തിരക്ക് കൊവിഡ് പ്രതിരോധങ്ങളെ ദുര്‍ബലമാക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടാക്കുന്നു. എല്ലാ ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കുകയും, സാമൂഹിക അകലം കര്‍ശനമാക്കുകയും ചെയ്താല്‍ വ്യാപാരികളുടെ ബുദ്ധിമുട്ടിനു പരിഹാരമാകുകയും, തിരക്കുകള്‍ ഇല്ലാത്ത വിധം സ്ഥാപനങ്ങളും തെരുവുകളും നിയന്ത്രിക്കാനും കഴിയും,’ കാന്തപുരം പറഞ്ഞു.
അതേസമയം, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Kanthapuram AP Aboobacker Musliar wants businesses to be allowed to open every day