| Thursday, 24th December 2020, 3:10 pm

രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരുംകൊലകള്‍ നടത്തുന്നത്; കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസിലിയാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

ഔഫ് അബ്ദുള്‍ റഹ്മാന്‍ എസ്.വൈ.എസ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരുംകൊലകള്‍ നടത്തുന്നതെന്നും
ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും കാന്തപുരം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് യോഗത്തിലായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി 10.30ഓടെയാണ് ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗവും എസ്.വൈ.എസ് പ്രവര്‍ത്തകനുമായ ഔഫിന് കുത്തേറ്റത്. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിനെയും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയിലാണ് കേസ്. ഷുഹൈബിനും ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്.കൊലപാതകം ആസൂത്രിതമാണെന്ന് ഔഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച മറ്റൊരു സുഹൃത്ത് റിയാസ് പറഞ്ഞിരുന്നു.

തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് ചികിത്സയിലാണ്. മുണ്ടത്തോട്ടെ മുസ്‌ലിം ലീഗ് വാര്‍ഡ് സെക്രട്ടറിയാണ് ഇര്‍ഷാദ്. ഇയാളെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Kanthapuram AP Aboobacker Musiliyar against muslim league , political killing in kasargod

We use cookies to give you the best possible experience. Learn more