| Tuesday, 27th October 2020, 8:00 am

'രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതി'; സാമ്പത്തിക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എ. പി വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എ. പി വിഭാഗം. രാഷ്ട്രീയ ലക്ഷ്യത്തോടെ വന്‍ ചതിയാണ് മുന്നാക്ക സംവരണത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് എ. പി വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ എത്ര ദുഷ്‌കരമാണെന്ന് ബോധ്യമുള്ളതാണെന്നും അതിനാല്‍ സാമ്പത്തിക സംവരണം പുനപരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയെന്നും ലേഖനത്തില്‍ പറയുന്നു.

‘രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ച് മൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാരുകള്‍ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡ പ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല,’ മുഖപ്രസംഗത്തില്‍ പറയുന്നു.

സംവരണ വിഭാഗങ്ങളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കില്ലെന്ന് ആണയിടുന്ന സര്‍ക്കാര്‍ പൊതുവിഭാഗത്തിലെ പത്ത് ശതമാനത്തിന് പകരം മുഴുവന്‍ സീറ്റിലെയും പത്ത് ശതമാനം മുന്നാക്കക്കാര്‍ക്ക് നീക്കിവെക്കുന്നത് വഞ്ചനാപരമാണ്. ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നാക്ക സംവരണം പത്ത് ശതമാനമാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എം.ബി.ബി.എസ്, മെഡിക്കല്‍ പി.ജി വിഭാഗങ്ങളിലുള്‍പ്പെടെ നിലവിലെ സംവരണ സമുദായങ്ങളെക്കാള്‍ മീതെ മുന്നാക്ക സംവരണം വന്നത് ഏത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ പ്രസംഗത്തില്‍ ചോദിക്കുന്നു.

മുന്നാക്ക സംവരണത്തിന് നിലവിലുള്ള റിസര്‍വേഷന് പുറമെ എന്ന് പ്രത്യേകമായി ഭരണഘടനാ ഭേദഗതി ചെയ്തിരിക്കെ, റൊട്ടേഷന്‍ ക്രമത്തില്‍ ആദ്യം സംവരണ വിഭാഗങ്ങള്‍ക്ക് പ്രവേശനം ഉറപ്പിക്കാതെ തൊഴില്‍ നിയമനങ്ങളില്‍ ഇപ്പോള്‍ പുറത്തിറക്കിയ മാതൃകാ റൊട്ടേഷന്‍ ചാര്‍ട്ടില്‍ മുന്നാക്കക്കാരെ ആദ്യം മുതല്‍ തന്നെ ക്രമത്തില്‍ ഉള്‍പ്പെടുത്തിയതിലും ചതി ഒളിച്ചിരിപ്പുണ്ടെന്നും ലേഖനം വിമര്‍ശിച്ചു.

ശനിയാഴ്ചയാണ് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമെന്നത് എല്ലാ പി.എസ്.സി നിയമനങ്ങള്‍ക്കും ബാധകമാവും.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanthapuram AP Aboobacker faction says government should withdrew Economic reservation

We use cookies to give you the best possible experience. Learn more