സുന്നി ജം ഇയ്യുത്തുല്‍ ഉലമ സെക്രട്ടറി ജനറല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ വിവിധ സമയങ്ങളിലായി വിവേചനം നേരിട്ടതായി ആരോപണം.
നേരത്തെ കാന്തപുരം പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ കാന്തപുരത്തിന്റെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വനിതകളെ തടയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനെത്തിയ കാന്തപുരം മുന്‍നിരയില്‍ ഇരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരോട് മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
ഒരു സ്ത്രീയെപ്പോലും കാന്തപുരം പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനോ തന്റെ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനോ അനുവദിക്കാറുണ്ടായിരുന്നില്ലെന്നാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അവരുടെ അനുഭവത്തില്‍ നിന്നും പറയുന്നത്.
തിരുവനന്തപുരത്ത് കാന്തപുരം പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അനുഭവം മാധ്യമപ്രവര്‍ത്തകയായ സെഫീറ മഠത്തിലകത്ത് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നുണ്ട്.
കാന്തപുരം പങ്കെടുക്കുന്ന ഒരു പരിപാടി റിപ്പോര്‍ട്ട് ചെയ്യാനായി തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലൂടെ കാമറാമാനും ഡ്രൈവര്‍ക്കുമൊപ്പം സമ്മേളന നഗരിയുടെ കവാടത്തിലെത്തിയതും കാന്തപുരത്തിന്റെ നാലഞ്ച് ശിഷ്യന്‍മാര്‍ ഓടിവന്ന് തങ്ങളെ തടഞ്ഞെന്നാണ് സെഫീറ പറയുന്നത്.
സ്ത്രീകള്‍ക്ക് ഈ സമ്മേളനത്തില്‍ പ്രവേശനമില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞുനിര്‍ത്തല്‍. മാധ്യമപ്രവര്‍ത്തകയാണെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഉസ്താദിന് സ്ത്രീകളെ കാണുന്നത് ഹറാമാണെന്ന് ശിഷ്യര്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു.
വീട്ടില്‍ അടങ്ങിയിരിക്കാതെ മൈക്കും പിടിച്ചിറങ്ങിക്കോളുമെന്നും നീയൊക്കെ ദീനിന് ശാപമാണെന്നുമായിരുന്നു അവരുടെ വാക്കുകള്‍. ഞങ്ങടെ ഉസ്താദിന് പെണ്ണിനെ കാണുന്നത് ഹറാം തന്നെയാണെന്ന് പറഞ്ഞ് കടിച്ചുകീറാന്‍ ഭാവത്തില്‍ വന്ന അവരുടെ കണ്ണുകളില്‍ തീ പാറിയത് ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാനാവൂ എന്നാണ് സെഫീറ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
ഏതാണ്ട് സമാനമായ മറ്റൊരു അനുഭവമാണ് മാധ്യമപ്രവര്‍ത്തകയായ സന്ധ്യയും പങ്കുവെക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസില്‍ കോഴിക്കോട് ബ്യൂറൊയില്‍ ട്രെയിനിയായി ജോലി ചെയ്യുന്ന കാലത്താണ് ദത്തെടുക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ അഭിമുഖത്തിനായി പോവുന്നതെന്നും അഭിമുഖമെടുക്കാന്‍ വന്ന തന്നെ കണ്ടപ്പോള്‍ ഒരു സ്ത്രീ തന്റെ അഭിമുഖമെടുക്കാന്‍ പാടില്ലെന്ന് കാന്തപുരം നിര്‍ബന്ധം പിടിച്ചതായും സന്ധ്യ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
നിര്‍ബന്ധമാണെങ്കില്‍ പുരുഷനായ ക്യാമറാമാന്‍ ചോദ്യങ്ങള്‍ ചോദിക്കട്ടെയെന്നായിരുന്നു കാന്തപുരത്തിന്റെ വാദം. അത് പറ്റില്ലെന്നും അഭിമുഖമെടുക്കാതെ മടങ്ങില്ലെന്നും താന്‍ അറിയിച്ചപ്പോള്‍, എന്റെ ചോദ്യങ്ങളോ ഞാന്‍ അദ്ദേഹത്തിന്റെ ഒപ്പമിരിക്കുന്നതോ ടെലികാസ്റ്റ് ചെയ്യരുതെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവെച്ചു
ആ അഭിമുഖം അന്ന് പ്രധാനപ്പെട്ടതായി തോന്നിയതു കൊണ്ട് അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കുക തന്നെ ചെയ്‌തെന്നും പക്ഷെ പെണ്ണെന്ന നിലയ്ക്ക് അന്നത് വലിയ അപമാനമായി തോന്നിയെന്നും സന്ധ്യ ഫേസ്ബുക്കില്‍ കുറിക്കുന്നു.