| Wednesday, 18th July 2018, 1:16 pm

ഇസ്‌ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസ്.ഡി.പി.ഐക്കെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഇസ്‌ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐ യെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചിലര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ല. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദം ആണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് പ്രശ്‌നം. പേര് എന്തായാലും സലഫിസമാണ് ഇതിന് പിന്നിലെന്നും കാന്തപുരം പറഞ്ഞു.

സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിര്‍ക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് പ്രതികരിച്ചിരുന്നു. പാലുകൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.ഐ.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിഞ്ഞത്. വാര്‍ത്താസമ്മേളനത്തിലടക്കം സി.പി.ഐ.എം എസ്.ഡി.പി.ഐക്കെതിരെ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടത്തും സഖ്യം തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more