മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ.
തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിര്‍ദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ വ്യക്തമാക്കി. നിര്‍ണായക മണ്ഡലങ്ങളില്‍ യു.ഡി.എഫിനോടൊപ്പം എന്ന കാന്തപുരം വിഭാഗത്തിന്റെ പേരിലുള്ള വ്യാജ പ്രചരണത്തിലാണ് പ്രതികരണം.
‘നിലപാടുകളില്‍ യാതൊരു മാറ്റവുമില്ല. അതിന് വിരുദ്ധമായി എന്റെയോ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടേയോ പേരില്‍ ഇറങ്ങുന്ന യാതൊരു വ്യാജ സന്ദേശങ്ങളിലും ആരും വഞ്ചിതരാകരുത്,’ എന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ ചൂണ്ടിക്കാട്ടി.
എല്ലാ പ്രവര്‍ത്തകരും നേരത്തെ വോട്ട് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെയും പ്രായമായവരുടെയും വോട്ടുകള്‍ പാഴാക്കരുതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ പറഞ്ഞു.
നിര്‍ണായക മണ്ഡലങ്ങളില്‍ യു.ഡി.എഫിനോടൊപ്പം എന്നാണ് കാന്തപുരത്തിന്റെ പേരിലുള്ള വ്യാജ പ്രചരണം. നിര്‍ണായക മണ്ഡലങ്ങളുള്‍പ്പെടെ അഞ്ച് ജില്ലകളിൽ കാന്തപുരം വിഭാഗം യു.ഡി.എഫിനെ പിന്തുണക്കും. വയനാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളിലായിരിക്കും യു.ഡി.എഫിന് വോട്ട് നല്‍കുക എന്നായിരുന്നു പ്രചരണം. റിപ്പോര്‍ട്ട് ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ രംഗത്തെത്തിയത്.
ഇതേ വിഷയത്തില്‍ കാന്തപുരത്തിനെതിരെ നിരവധി വ്യാജ പ്രചരണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ ഏതു മുന്നണി ജയിച്ചാലും കേന്ദ്രത്തില്‍ ഒരേ നിലപാടാകും എന്നതുകൊണ്ട് ആര് ജയിക്കണം തോല്‍ക്കണം എന്നതില്‍ വാശി കാണിക്കേണ്ടതില്ല.
എന്നിരുന്നാലും കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷി ആവാന്‍ വേണ്ടി നിലപാടെടുക്കുന്നതാണ് നല്ലത് എന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു എന്ന രീതിയിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചിരുന്നത്. മര്‍ക്കസിന്റെ പേരും സീലുമുള്ള ലെറ്റര്‍ ഹെഡ് ഉപയോഗിച്ചാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.
Content Highlight: Kanthapuram A.P. Abubakar Musliar Responding to fake news on loksabha election