പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് ജനാധിപത്യവിരുദ്ധം: കാന്തപുരം
Kerala News
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് ജനാധിപത്യവിരുദ്ധം: കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 8:40 pm

കോഴിക്കോട്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്ന യു.പി സര്‍ക്കാറിന്റെ നടപടി ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ലെന്ന് എ.പി സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതികരിച്ചവര്‍ നിയമം ലംഘിച്ചെങ്കില്‍ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. ആ നിയമം അവഗണിച്ച് അവരുടെ വാസസ്ഥാനങ്ങളും ജീവിതോപാധികളും നശിപ്പിക്കുന്ന രീതിയിലേക്ക് നിലപാടുകള്‍ മാറുന്നത് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള നീക്കമാണ്. അത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രൗഢിയും തലയെടുപ്പും ഇവര്‍ മനസിലാക്കുന്നില്ല. ലോകത്തെ മുഴുവന്‍ അറബ് മുസ്‌ലിം രാജ്യങ്ങളിലും ഇന്ത്യക്കാരനാണെന്ന് പറഞ്ഞ് എഴുന്നേറ്റ് നില്‍ക്കുമ്പോഴുള്ള അഭിമാനബോധവും ആ രാജ്യങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യ രാഷ്ട്രത്തോടുള്ള ആദരവും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് നാം.

ആള്‍ക്കൂട്ടക്കൊലയും ഹിജാബ് നിരോധനവും പൗരത്വനിയമവുമൊക്കെ ജനാധിപത്യ മാര്‍ഗത്തില്‍ ചോദ്യം ചെയ്തവരെ കിടപ്പാടങ്ങള്‍ തകര്‍ത്തും സ്വത്തുവകകള്‍ നശിപ്പിച്ചും നേരിടാനുള്ള നീക്കം അത്യന്തം ലജ്ജാകരമാണ്.

ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കും. നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീര്‍പ്പ് കല്‍പിക്കേണ്ടത് കോടതികളുമാണ്. നിയമനടപടികള്‍ പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

എന്നാല്‍, പ്രവാചകനിന്ദയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.

‘പ്രവാചകരെ നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ചവര്‍ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്തതെന്നും ഇതിന് രാജ്യത്തെ ബഹുഭൂരിഭാഗം ഹൈന്ദവ സഹോദരങ്ങളും ഉത്തരവാദികളല്ല. പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിരുവിടരുത്‌. അങ്ങേയറ്റത്തെ സംയമനമാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ വേണ്ടത്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യസംവിധാനത്തില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പ്രതിരോധങ്ങള്‍ അതിരുവിടുന്നത് അംഗീകരിക്കാനാവില്ല.

വിമാനത്തിലെ പ്രതിഷേധം ശരിയായില്ല. നമ്മുടെ രാജ്യവും ജനങ്ങളും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ക്രിയാത്മക രാഷ്ട്രീയ സംവാദങ്ങള്‍ക്കും ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കുമപ്പുറം പരിധിവിടുന്ന ഇത്തരം സമരമുറകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒഴിവാക്കണം,’ കാന്തപുരം കൂട്ടിച്ചേര്‍ത്തു.