| Tuesday, 25th October 2022, 5:33 pm

തൈക്കുടം ബ്രിഡ്ജിനെ കോപ്പിയടിച്ചാണോ കാന്താരയിലെ പാട്ട് ഹിറ്റടിച്ചത് ? | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം കോപ്പിയടിച്ചാണ് കാന്താര സിനിമയിലെ ‘വരാഹ രൂപം’ ചെയ്തത് എന്ന ആരോപണം കൂടുതല്‍ ശക്തമാകുന്നു. സംഗീത സംവിധായകന്‍ ബിജിബാല്‍ വിഷയത്തില്‍ രൂക്ഷമായ പ്രതികരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

‘സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ,’ എന്നാണ് ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.  #thaikudambridge #kantaramovie എന്നീ ഹാഷ്ടാഗുകളോടെയാണ് അദ്ദേഹം ഈ വാചകം എഴുതിയിരിക്കുന്നത്.

കാന്താര ടീമിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് തൈക്കുടം ബ്രിഡ്ജും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തൈക്കുടം ബ്രിഡ്ജ് തങ്ങളുടെ പ്രതികരണം പുറത്ത് വിട്ടത്.


പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് കാന്താര നടത്തിയിരിക്കുന്നതെന്നും പ്രചോദനത്തിനും കോപ്പിയടിക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പറഞ്ഞ തൈക്കുടം ബ്രിഡ്ജ്, ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു.

കണ്ടന്റിലെ തങ്ങളുടെ അവകാശത്തെ കുറിച്ച് എവിടെയും ഒരു വാക്ക് പോലും പറയാതെ അവരുടെ സ്വന്തം പാട്ടെന്ന നിലയിലാണ് കാന്താരയുടെ ക്രിയേറ്റീവ് ടീം വരാഹ രൂപത്തെ അവതരിപ്പിക്കുന്നതെന്നും പോസ്റ്റിലുണ്ടായിരുന്നു.

നേരത്തെ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിഷയം ഉന്നയിച്ചു കൊണ്ട് ശക്തമായ വിമര്‍ശനം മുന്നോട്ടുവെച്ചിരുന്നു.

”വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയ കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്,’ എന്നാണ് ഹരീഷ് പറഞ്ഞിരുന്നത്.

കാന്താരയുടെ റിലീസിന് തൊട്ടുപിന്നാലെ കോപ്പിയടി ആരോപണം ഉയര്‍ന്നപ്പോള്‍ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷ് മറുപടി നല്‍കിയിരുന്നു. തങ്ങള്‍ ഒരു ട്യൂണും കോപ്പിയടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നുമായിരുന്നു അന്ന് അജനീഷ് ചില അഭിമുഖങ്ങളില്‍ പറഞ്ഞത്.

‘അതേ സ്റ്റെലും സാമ്യമുള്ള ട്യൂണും ഞങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ കമ്പോസിഷന്‍ വ്യത്യസ്തമാണ്. രണ്ടും രണ്ട് വ്യത്യസ്തമായ പാട്ടുകളാണ്. റഫറന്‍സിന് വേണ്ടി ചില പാട്ടുകള്‍ നോക്കാറുണ്ട്. ടെമ്പോയും നോക്കും. പക്ഷെ ഇത് കോപ്പിയടിച്ചതാണെന്ന് പറഞ്ഞാല്‍ അത് എനിക്ക് സമ്മതിച്ചു തരാനാകില്ല.

റോക്ക് മ്യൂസികിന്റെ സ്‌റ്റൈലും ടെമ്പോയും മെലഡിയുമെല്ലാം ഈ പാട്ടിന് ഇന്‍സ്പിരേഷനായിട്ടുണ്ട്. ഞാന്‍ നവരസ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്. ആ പാട്ട് എന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്.

ഒരുപോലെയുള്ള വരികളുണ്ടെന്ന് തോന്നുന്നത് ഒരേ രാഗമായതു കൊണ്ടാണ്. തോടി, വരാളി, മുഖാരി രാഗങ്ങള്‍ ചേര്‍ത്താണ് ഞാന്‍ വരാഹ രൂപം ഉണ്ടാക്കിയിരിക്കുന്നത്. സംഗീതം അറിയുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും, ഇത് രണ്ടും രണ്ട് പാട്ടാണ് എന്ന്,’ ഇതായിരുന്നു അജനീഷിന്റെ വാക്കുകള്‍.


ഈ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റിന് താഴെ പങ്കുവെച്ചിരുന്നു. അജനീഷിന്റേത് ഒട്ടും സത്യസന്ധമല്ലാത്ത പ്രതികരണമാണെന്നാണ് ഹരീഷ് ഇതിന് മറുപടി നല്‍കിയത്. ഗിറ്റാറും മറ്റ് താളവാദ്യങ്ങളുടെ ഭാഗങ്ങളുമെല്ലാം പക്കാ കോപ്പിയടിയാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ തൈക്കുടം ബ്രിഡ്ജിന് പിന്തുണ നല്‍കിയും കാന്താര ടീമിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Kantara song Varaha Roopam-Thaikudam Bridge plagiarism  controversy explained

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്