കഴിഞ്ഞ വര്‍ഷം ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച ‘കാന്താര: എ ലെജന്റ്’ എന്ന ചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം ‘കാന്താര: ചാപ്റ്റര്‍ ഒന്ന്’ ലൂടെ വീണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വരാനിരിക്കുന്നത് വലിയ ദൃശ്യാനുഭവമായിരിക്കും എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.
ടീസര്‍ ഇതിനോടകം 16 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ്, എക്‌സ് എന്നിവിടങ്ങളില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമത് തുടരുകയാണ്. ഏഴ് ഭാഷകളില്‍ എത്തിയ ടീസറിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവത്തെക്കറിച്ച് ഗൂഗിളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
കാന്താരയുടെ രണ്ടാം ഭാഗമാണെങ്കിലും ഒന്നിന് മുന്‍പുള്ള കഥയാണ് ഇതില്‍ പറയുന്നത്. കണ്ടംബസിന്റെ ഭരണകാലത്തെ കഥയും ചരിത്രസംഭവങ്ങളും, ഭക്തിയുടെ ഘടകങ്ങള്‍ക്കൊപ്പമുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍ എന്നിവയുടെ സംയോജനമാണെന്നാണ് ടീസറിലൂടെ വ്യക്തമാക്കുന്നത്.
നടനും സംവിധായകനുമായ ഋഷബ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രമാവുന്നത്. ഋഷബ് ഷെട്ടിയുടെ ആകര്‍ഷകമായ ലുക്ക് പ്രദര്‍ശിപ്പിക്കുന്ന ടീസറില്‍, കഥാപാത്രത്തിന്റെ തീവ്രമായ വീക്ഷണം കാഴ്ചക്കാര്‍ക്ക് പുതിയ ദൃശ്യാനുഭവം തന്നെ നല്‍കുന്നു.
മാനവികതയും പ്രകൃതിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം പര്യവേക്ഷണം ചെയ്യുന്ന നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ‘കാന്താര’ കഴിഞ്ഞ വര്‍ഷത്തെ ആഗോള സിനിമാറ്റിക് ലാന്‍ഡ്സ്‌കേപ്പിനെ തന്നെ പിടിച്ചുകുലുക്കിയിരുന്നു.
പാന്‍-ഇന്ത്യന്‍ സിനിമാ അനുഭവങ്ങള്‍ നല്‍കാന്‍ ‘കാന്താര: ചാപ്റ്റര്‍ ഒന്ന്’ലൂടെ ഹോംബാലെ ഫിലിംസും ഒരുങ്ങുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കഴിഞ്ഞ വര്‍ഷം ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’, ‘കാന്താര’ എന്നീ രണ്ട് മെഗാ ബ്ലോക്ക്ബസ്റ്ററുകളിലൂടെ വലിയ വിജയം നേടിയ ഹോംബാലെ ഫിലിംസ്, ആഗോളതലത്തില്‍ 1600 കോടി നേടിയെടുത്തിരുന്നു.
ഉടന്‍ റിലീസിനെത്തുന്ന ‘സലാര്‍’ ഇതിനകം തന്നെ ഏറെ പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നു. ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ആകാന്‍ ഒരുങ്ങുന്ന സലാറിന്റെ ട്രെയ്‌ലര്‍ ഡിസംബര്‍ ഒന്നിന് ലോഞ്ച് ചെയ്യും.
ഏഴ് ഭാഷകളില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുന്ന ‘കാന്താര: ചാപ്റ്റര്‍ 1’ അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അസാധാരണമായ കഥപറച്ചില്‍ നിറഞ്ഞ ഒരു സമാന്തര ലോകത്തേക്കുള്ള യാത്രയാണ് ഫസ്റ്റ് ലുക്കിലൂടെ പറയുന്നത്.
ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്തുള്ള ഒരു ആഴത്തിലുള്ള അനുഭവത്തിനൊടൊപ്പം, ശാശ്വതമായ സ്വാധീനം ചെലുത്തുമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.
Content Highlight: Kantara Chapter 1 Teaser Trending; Homeballe Films To Provide The Best Viewing Experience