| Sunday, 25th June 2023, 7:10 pm

മലബാറിലെ പ്ലസ് വണ്‍ സീറ്റില്‍ ശാശ്വത പരിഹാരം കാണണം; ബലി പെരുന്നാളിന് ഒരു ദിവസം കൂടി ലീവ് അനുവദിക്കണം: കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലബാറിലെ ഹയര്‍സെക്കന്‍ഡറി സീറ്റ് ക്ഷാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏക സിവില്‍കോഡ് ഭരണഘടനാ വിരുദ്ധമാണെന്നും അത് സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ക്കുന്നതാണെന്നും അദ്ദഹം പറഞ്ഞു. ഏക സിവില്‍കോഡ്
മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ 98ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെന്റ്‌റില്‍ നടന്നചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വരുന്ന ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 28 ന് അവധിയാണ്. ഇതിന് പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറയി വിജയന് കത്ത് അയച്ചെന്നും കാന്തപുരം വ്യക്തമാക്കി.

നാടിനും സമൂഹത്തിനും വെളിച്ചമേകിയ 97 വര്‍ഷങ്ങളാണ് സമസ്തക്ക് കഴിഞ്ഞുപോയതെന്ന് അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ പൊതുസമൂഹത്തിന്റെയും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെയും ഉന്നമനത്തിനായി വലിയ ദൗത്യങ്ങളേറ്റെടുത്തു കൊണ്ടാണ് പുതിയ കാലത്തും സമസ്ത മുന്നോട്ട് പോകുന്നത്.

യഥാര്‍ത്ഥ വിശ്വാസാചാരങ്ങള്‍ മുറുകെപിടിച്ച കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് ശക്തമായ നേതൃത്വം നല്‍കാനായിരുന്നു 1926 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. രാജ്യത്തിനകത്തും പുറത്തും ഏറെ ആകര്‍ഷിക്കപ്പെട്ട മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഈ പണ്ഡിത സംഘടനയുടെ സംഭാവനയാണ്,’ കാന്തപുരം പറഞ്ഞു.

Content Highlight: Kantapuram AP Abubakar Musliar urges the state government to intervene urgently in the shortage of higher secondary seats in Malabar

We use cookies to give you the best possible experience. Learn more