കാണ്‍പൂര്‍: കാന്‍സര്‍ രോഗിയായ മകന് ദയാവധം ആവശ്യപ്പെട്ട് രാഷ്ടപതി രാംനാഥ് കോവിന്ദിന് കാണ്‍പൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ കത്ത്.
പത്ത് വയസുകാരനായ മകന്‍ അര്‍ബുദ ബാധിതനാണെന്നും ചികിത്സാ ചെലവ് വഹിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ജാനകിയെന്ന വീട്ടമ്മ രാഷ്ട്രപതിക്ക് കത്തയച്ചത്.
പത്ത് വയസ്സുള്ള മകന്റെ അര്‍ബുദ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ തുക കണ്ടെത്താന്‍ തനിക്ക് സാധിച്ചില്ല. അതിനാലാണ് ദയാവധത്തിന് അനുമതി തേടുന്നതെന്ന് ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നു.
Also Read ഗുര്‍മീത് റാം റഹിം സിങ്ങിനെ കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ അറസ്റ്റില്‍
ഡോക്ടര്‍ തന്റെ മകന് അര്‍ബുധ ബാധയാണെന്ന് കണ്ടെത്തിയിരുന്നു. ചികിത്സ ആരംഭിക്കാന്‍ പതിനായിരം രൂപയോളം കൊണ്ടുവരാന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ തന്റെ കയ്യില്‍ പണമില്ലെന്നും യുവതി പറയുന്നു.
ജില്ലാ മജിസ്‌ട്രേറ്റിനേയും ഉപമുഖ്യമന്ത്രി, ജില്ലാ ഓഫീസര്‍,കളക്ടര്‍ എം.എല്‍.എ തുടങ്ങിവരുടെ മുന്നില്‍ സഹായത്തിനായി ചെന്നെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു.
സംസ്ഥാനത്തെ ദുരിതാശ്വാസനിധിയില്‍ നിന്നും യുവതിക്ക് പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ കത്യാര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നെങ്കിലും അതിന് മറുപടിയൊന്നും ലഭിച്ചില്ല.
വരുമാനമോ വീടോ ഇല്ലാത്ത ഇവര്‍ മഹന്ത് അമര്‍നാഥ് പുരിയില്‍ ഒരു ഷെഡ്ഡ് കെട്ടിയാണ് താമസിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഒരു സഹായവും തനിക്കോ കുടുംബത്തിനോ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.