| Monday, 21st November 2016, 10:15 am

കാണ്‍പൂര്‍ അപകടം: പരിക്കേറ്റവര്‍ക്ക് ധനസഹായമായി മോദി സര്‍ക്കാര്‍ നല്‍കിയത് അസാധുവാക്കിയ നോട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിരോധിച്ച നോട്ടുകള്‍ നല്‍കിയോടെ അത് എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ചികിത്സയില്‍ കഴിയുന്നവര്‍


ന്യൂദല്‍ഹി: 120 പേരുടെ മരണത്തിനിരയാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റവരോട് കേന്ദ്രസര്‍ക്കാരിന്റെ അനീതി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത് നിരോധിച്ച നോട്ടുകളാണ്.

റെയില്‍വേ മന്ത്രാലയമാണ് കഴിഞ്ഞദിവസം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അസാധുവാക്കിയ നോട്ട് നല്‍കിയത്. സംഭവം വാര്‍ത്തയായതോടെ പഴയ നോട്ടുകള്‍ നല്‍കുന്നത് കേന്ദ്രം ഉടന്‍ നിര്‍ത്തിവെക്കുകയും ചെയ്തു.


നിരോധിച്ച നോട്ടുകള്‍ നല്‍കിയോടെ അത് എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ചികിത്സയില്‍ കഴിയുന്നവര്‍. ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ആശുപത്രിയില്‍ കഴിയുന്ന തങ്ങള്‍ ഈ പണം ബാങ്കിലും എ.ടി.എമ്മിലും പോയി മാറ്റി എടുക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കൊക്കെ അടിയന്തരസഹായം എന്ന നിലയ്കക് 5000 രൂപയാണ് റെയില്‍വേ മന്ത്രാലയം അനുവദിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3.5 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരവും ചെറിയ അപകടം മാത്രം പറ്റിയവര്‍ക്ക് 25000 രൂപയുമാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചിരിക്കുന്നത്.

കാണ്‍പൂരിന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലാണ് ട്രെയിന്‍ അപകടം ഉണ്ടായത്. പാറ്റ്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളംതെറ്റിയത്.

വെളുപ്പിനെ മൂന്നു മണിയോടെയായിരുന്നു അപകടം.യാത്രക്കാര്‍ ഉറങ്ങുന്ന സമയമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കാണ്‍പൂര്‍ ദേഹത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാ ആശുപത്രികളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തേക്കുറിച്ച് അന്വേഷിക്കുന്നതിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അതീവ ദുഃഖം രേഖപ്പെടുത്തി.

We use cookies to give you the best possible experience. Learn more