| Wednesday, 1st June 2022, 11:40 pm

കയ്യേറ്റം ചെയ്ത ക്ഷേത്രങ്ങള്‍ പുന:സ്ഥാപിച്ച് ആരാധനയ്ക്ക് സജ്ജമാക്കും: കാണ്‍പൂര്‍ മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ കയ്യേറ്റം ചെയ്യപ്പെട്ട ക്ഷേത്രങ്ങള്‍ പുന:സ്ഥാപിക്കുമെന്നും ആരാധനയ്ക്ക് സജ്ജമാക്കുമെന്നും കാന്‍പൂര്‍ മേയര്‍ പ്രമീള പാണ്ഡെ. കേണല്‍ഗഞ്ചിലെ പുരാതന ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് മേയറുടെ പ്രതികരണം.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ 124ലധികം ക്ഷേത്രങ്ങള്‍ കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ പ്രമീള ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

കയ്യേറ്റം ചെയ്യപ്പെട്ട ക്ഷേത്രങ്ങള്‍ തകര്‍ന്ന നിലയിലാണെന്നും അത് എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കണമെന്നും പ്രമീള പറഞ്ഞു. ക്ഷേത്രങ്ങളുടെ ദുരവസ്ഥ കണ്ട് കണ്ണുനിറഞ്ഞെന്നും പ്രമീള ട്വിറ്ററില്‍ കുറിച്ചു.

ചില പ്രദേശങ്ങളില്‍ ക്ഷേത്രങ്ങള്‍ ഉണ്ടാകേണ്ട സ്ഥലത്ത് വീടുകള്‍ കണ്ടെത്തിയെന്നും, പണ്ട് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് ഹോട്ടല്‍ നടത്തുന്നത് കണ്ടെന്നും മേയര്‍ ആരോപിച്ചു.

ചില ക്ഷേത്രങ്ങളില്‍ നിന്നും വിഗ്രഹങ്ങള്‍ മോഷണം പോയിട്ടുണ്ടെന്നും മേയര്‍ ആരോപിച്ചു.

ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാണ്‍പൂര്‍ മേയര്‍ മുന്നറിയിപ്പ് നല്‍കുകയും ക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും ആരാധനയ്ക്ക് തയ്യാറാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

അനധികൃത കെട്ടിടങ്ങളെല്ലാം നീക്കം ചെയ്യുമെന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും ഈ ക്ഷേത്രങ്ങളെല്ലാം നവീകരിക്കുമെന്നും പ്രമീള പാണ്ഡെ പറഞ്ഞു. െേയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കണ്ടെത്തിയ അനധികൃത കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
അനധികൃതമായി കൈയേറിയ 124 ക്ഷേത്രങ്ങളുടെ പട്ടിക നല്‍കാന്‍ മേയര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Content Highlight: kanpur Mayor visited broken temples

We use cookies to give you the best possible experience. Learn more