| Thursday, 2nd January 2020, 11:20 am

പാകിസ്ഥാനി കവിത 'ഹം ദേഖേംഗേ' ഹൈന്ദവ വിരുദ്ധമാണോ എന്ന് അന്വേഷിച്ച് കാണ്‍പുര്‍ ഐ.ഐ.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പുര്‍: പാകിസ്ഥാനി കവി ഫൈസ് അഹ്മദ് ഫൈസിന്റെ കവിത ‘ഹം ദേഖേംഗേ’ (നമുക്ക് കാണാം) വിവാദമാക്കി കാണ്‍പുര്‍ ഐ.ഐ.ടി.  കവിത ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണോയെന്ന് അന്വേഷിക്കുകയാണ് കാണ്‍പുര്‍ ഐഐടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ കാണ്‍പുര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തില്‍ ഫൈസിന്റെ ‘ഹം ദേഖേംഗേ’ എന്ന കവിതയിലെ വരികള്‍ ആലപിച്ചു കൊണ്ടാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് കവിത മതവികാരം വ്രണപ്പെടുത്തുന്നതാണോ എന്നന്വേഷിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്ന് വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം കാണ്‍പുര്‍ ഐ.ഐ.ടിയിലെ പ്രഫസര്‍ പറഞ്ഞിരുന്നു.

കവിത ഹൈന്ദവ വിരുദ്ധമാണെന്ന് പ്രതിഷേധത്തിന്റെ വീഡിയോയില്‍ നിന്ന് മനസിലാക്കുന്നതെന്ന് ഐ.ഐ.ടി കാണ്‍പുരിലെ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാളും പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാകിസ്ഥാന്‍ പട്ടാള സ്വേച്ഛാധിപതി ജനറല്‍ സിയാ ഉല്‍ ഹഖിന്റെ കീഴിലായിരുന്ന കാലത്താണ് ഫൈസ് ഈ കവിത എഴുതുന്നത്. അധികാരം പിടിച്ചെടുത്ത് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച ഹഖിനോട് ഹം ദേഖേംഗേ (നമുക്ക് കാണാം) എന്ന അര്‍ത്ഥത്തില്‍ രചിച്ചതാണ് കവിത.

ഉറുദു കവിയും കമ്മ്യൂണിസ്റ്റുകാരനുമായ ഫൈസ് മതചിഹ്നങ്ങളുപയോഗിച്ച് പാകിസ്ഥാനിലെ രാഷ്ട്രീയ ഘടനയെ തന്റെ കവിതയിലൂടെ ചോദ്യം ചെയ്യുകയായിരുന്നു. 1979ലാണ് കവിത രചിച്ചത്.

1986ല്‍ പാക് ഗായിക ഇഖ്ബാല്‍ ബാനോ ലാഹോറില്‍ അരലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്കു മുമ്പില്‍ ആലപിച്ചതോടെയാണ് കവിത പ്രതിഷേധ പ്രതീകമായി ഉപയോഗിച്ചു തുടങ്ങിയത്.

We use cookies to give you the best possible experience. Learn more