കണ്ണൂര്‍: ജില്ലയില്‍ സമരം നടത്തുന്ന നഴ്‌സുമാരെ നേരിടാന്‍ നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജോലിക്കെത്തിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരുന്ന പരിയാരം നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ കളക്ടറുടെ ഉത്തരവ് അനുസരിക്കാന്‍ തയാറായില്ല.
സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് അറിയിച്ച് ഇവര്‍ കോളേജിന് മുന്നില്‍ പ്രതിഷേധ ധര്‍ണയിലാണ്. നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനവും സംഘടിപ്പിച്ചു. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്നും ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ആശുപത്രി രജിസ്ട്രറില്‍ പോലും പേരില്ലാത്ത വിദ്യാര്‍ത്ഥികളെ ആശുപത്രി സേവനത്തിനെത്തിക്കാന്‍ ഉത്തരവിറക്കിയ കണ്ണൂര്‍ ജില്ലാ കളകടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്‌സിങ് അസോസിയേഷനുകളും അറിയിച്ചിട്ടുണ്ട്.
ഇന്നലെയാണ് ജില്ലയിലെ നഴ്സുമാരുടെ സമരത്തിനെതിരെ സെക്ഷന്‍ 144 ഉപയോഗിച്ച് ജില്ല ഭരണകൂടം രംഗത്തെത്തിയത് സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണക്കൂടം ഉത്തരവിടുകയായിരുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ നഴ്സിങ് വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനായിരുന്നു കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്നും ഉത്തരവുണ്ട്. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐപിസി-സിആര്‍പിസി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കണമെന്നും ഉത്തരവില്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.സാധാരണ സംഘര്‍ഷസാഹചര്യങ്ങളെ നേരിടുവാനാണ് കളക്ടര്‍മാര്‍ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്.
ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്സിംഗ് കോളേജുളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളൊഴികെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആശുപത്രികളിലേക്ക് അയക്കണമെന്നും നഴ്സിങ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സമരം നടക്കുന്ന ആശുപത്രികളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.