| Tuesday, 1st February 2022, 6:07 pm

കണ്ണൂര്‍ വി.സി നിയമനം; മന്ത്രി ആര്‍. ബിന്ദു പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്ന് ലോകായുക്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഹരജിയില്‍ ലോകായുക്താ ഉത്തരവ് വെള്ളിയാഴ്ച. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്ന് ലോകായുക്ത പറഞ്ഞു.

ചാന്‍സലര്‍ക്കെതിരെ ആരോപണമില്ലെന്നും മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്നും പക്ഷപാതപരമായി കാര്യങ്ങള്‍ ചെയ്തുവെന്നുമാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍, മന്ത്രി പ്രൊപ്പോസല്‍ നല്‍കിയെങ്കില്‍ നിയമനാധികാരിയായ ചാന്‍സലര്‍ അത് എന്തുകൊണ്ട് തള്ളിയില്ലെന്ന് ലോകായുക്ത ചോദിച്ചു.

വൈസ് ചാന്‍സലറില്‍ നിന്ന് എന്തെങ്കിലും പ്രത്യുപകാരം മന്ത്രിക്ക് ലഭിച്ചുവെന്നതിനും തെളിവില്ലെന്ന് ലോകായുക്ത നിരീക്ഷിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യക്ക് നിയമനം നല്‍കിയത് പ്രത്യുപകാരമാണെന്ന ആരോപണം നിലനില്‍ക്കില്ല. രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നത് വലിയ അപരാധമാണോ. ഒരു സ്ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കും. പല അധ്യാപിക തസ്തികകളിലേക്കും ഈ ഘട്ടത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണെന്നും ലോകായുക്ത ചോദിച്ചു.

അതേസമയം, ലോകായുക്ത ജസ്റ്റിസ് ആയി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമപ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലൊരാള്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാന്‍ വിസമ്മതം അറിയിക്കുയായിരുന്നെന്നും കെ.ടി. ജലീല്‍ എ.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീല്‍ നേരത്തെ ആരോപിച്ചിരുന്നത്.

എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടിരുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.


Content Highlights: Kannur VC appointment; Lokayukta dismisses allegations of abuse of  status Minister R. Bindu

We use cookies to give you the best possible experience. Learn more