ശ്രീകണ്ഠപുരം: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടല്ലെന്ന് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതല്ല അപകടത്തിന് കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍.ടി.ഒക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമിത വേഗതയും ഡ്രൈവറുടെ പരിചയകുറവുമാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശ്രീകണ്ഠാപുരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള സാധ്യതയുള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ഇയാളുടെ മെഡിക്കല്‍ പരിശോധന നടത്താനും മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി.
അപകടം നടന്ന സമയത്ത് തന്നെ ഡ്രൈവര്‍ നിസാമിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റായിട്ടുണ്ടെന്നും ഇതാണ് ഫോണ്‍ ഉപയോഗിച്ചുവെന്ന സംശയമുണ്ടാവാന്‍ കാരണമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് പെട്ടന്നുണ്ടായ അപകടത്തിന് കാരണമെന്നും മെല്ലെയാണ് ബസ് ഓടിക്കാറുള്ളതെന്നുമായിരുന്നു ബസ് ഡ്രൈവറുടെ മൊഴി.
ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടി മരണപ്പെടുകയും 14 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ബസില്‍ പതിനഞ്ചില്‍ അധികം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും പരിക്കേറ്റിരുന്നു. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ ബസ് ആണ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വൈകീട്ട് സ്‌കൂള്‍ വിട്ട് കുട്ടികളെ കൊണ്ടുപോകുമ്പോഴാണ് അപകടം ഉണ്ടായത്.
Content Highlight: Kannur Valakai accident; The motor vehicle department said that the bassinet brake was not lost; The driver’s license may be suspended