കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിന്റെ വിവാദ സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സലര്‍. ഗോള്‍വാള്‍ക്കാര്‍, സവര്‍ക്കര്‍ എന്നിവര്‍ ആരാണെന്നും എന്താണെന്നും പഠിക്കേണ്ടതുണ്ടെന്നാണ് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചത്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി. സവര്‍ക്കറിന്റേയും ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്.
എന്നാല്‍ ഈ പ്രതിഷേധങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വൈസ് ചാന്‍സലര്‍ രംഗത്തുവന്നിട്ടുള്ളത്. ഇന്നത്തെ ബി.ജി.പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസ്തകങ്ങളും പരിചയപ്പെടണമെന്നുമാണ് ഡോ. ഗോപിനാഥ് പറഞ്ഞത്.
‘ഈ പുസ്തകങ്ങള്‍ പഠിക്കേണ്ടത് അനിവാര്യമാണ്. വി.ഡി. സവര്‍ക്കറും ഗോള്‍വാള്‍ക്കറും അവരുടെ പുസ്തകങ്ങളിലെഴുതിയതാണ് ഇന്ന്് ബി.ജെ.പിയുടെ അടിത്തറയായിരിക്കുന്നത്. ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തരഭീഷണികളെന്ന് ഇതില്‍ എടുത്ത് എഴുതിയിട്ടുണ്ട്. ഇതൊന്നും പഠിക്കാതെ ഒരു കുട്ടിക്ക് ഇന്നത്തെ ബി.ജെ.പിയെ മനസിലാക്കാനാകില്ല,’ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ഡോ. ഗോപിനാഥ് പറഞ്ഞു.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.
‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തിലാണ് ടാഗോറിന്റേയും മഹാത്മാ ഗാന്ധിയുടേയും നെഹ്റുവിന്റേയും അംബേദ്കറിന്റേയും പുസ്തകത്തോടൊപ്പം ആര്‍.എസ്.എസ് നേതാക്കളുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗോള്‍വാള്‍ക്കറുടെ വിചാരധാര അടക്കമുള്ളവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാന ശത്രുക്കള്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് പ്രതിപാദിക്കുന്ന പുസ്തകമാണ് വിചാരധാര.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സ് ബ്രണ്ണന്‍ കോളെജില്‍ മാത്രമാണുള്ളത്. ബ്രണ്ണന്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരാണ് പുസ്തകം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.