കണ്ണൂര്‍ സര്‍വകലാശാല സാഹിത്യോത്സവം; പുർകായസ്തയെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ വിശദീകരണം തേടി വി.സി
Kerala News
കണ്ണൂര്‍ സര്‍വകലാശാല സാഹിത്യോത്സവം; പുർകായസ്തയെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ വിശദീകരണം തേടി വി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 10:29 am

പാലയാട്: കണ്ണൂര്‍ സര്‍വകലാശാല സാഹിത്യോത്സവം ‘കള്‍ഫ്’ല്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുർകായസ്തയെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ വിശദീകരണം തേടി വൈസ് ചാന്‍സിലര്‍.

പരിപാടിയില്‍ നിന്ന് വി.സി ഡോ. കെ.കെ. സാജു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദീകരണം തേടിയിരിക്കുന്നത്.

ഡിസംബര്‍ 12, 13, 14 തീയതികളിലായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയില്‍ സാഹിത്യോത്സവം നടന്നത്. പരിപാടിയുടെ ആദ്യദിവസമായ ബുധനാഴ്ചയായിരുന്നു സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഈ ചടങ്ങിന്റെ മുഖ്യാഥിതിയായി ക്യാമ്പസിലെ എസ്.എഫ്.ഐ യൂണിയന്‍ ക്ഷണിച്ചിരുന്നത് പുർകായസ്തയെയാണ്.

എന്നാല്‍ പരിപാടിയില്‍ നിന്ന് വി.സി വിട്ടുനില്‍ക്കുകയായിരുന്നു. പുർകായസ്ത പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം യൂണിയന്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സി പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.

നേരത്തെ അഭിനേത്രി നിഖില വിമലിനെയാണ് മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പിന്നീട് ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

പരിപാടി നടക്കുന്ന ദിവസം 11 മണിക്കാണ് തീരുമാനം മാറ്റിയത് താന്‍ അറിഞ്ഞതെന്ന് പറഞ്ഞ വി.സി പുർകായസ്തയെ ക്ഷണിച്ചതില്‍ ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുകയാണ്. ചില ആരോഗ്യ കാരണങ്ങള്‍ കൊണ്ടുമാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നും വി.സി. പറയുന്നു.

ചൈനയുടെ പ്രൊപഗാണ്ട പ്രചരിപ്പിക്കാന്‍ ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണത്തില്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തത് യു.എ.പി.എ ചുമത്തിയിരുന്നു. എച്ച്.ആര്‍ അമിത് ചക്രവര്‍ത്തിക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു. ദല്‍ഹി പൊലീസിന്റേതായിരുന്നു നടപടി.

ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും, 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്‌സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ഇവര്‍ക്കെതിരായ എഫ്.ഐ.ആര്‍.

2023 ഒക്ടോബര്‍ മൂന്നിന് പുര്‍കായസ്തയെ അറസ്റ്റ് ചെയ്യുകയും ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Content Highlight: Kannur University Literary Festival; V.C Seeking an explanation for inviting Purkayastha as the chief guest