Advertisement
Kerala News
ഞാന്‍ വേട്ടയാടപ്പെടുകയായിരുന്നു; ക്ലാസ് മുറികളില്‍ നിന്ന് മാത്രം സംഭവിക്കുന്നതാണോ അധ്യാപനം എന്ന ചോദ്യം ഉയര്‍ന്നുവരേണ്ടതുണ്ട്: പ്രിയ വര്‍ഗീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 22, 06:47 am
Thursday, 22nd June 2023, 12:17 pm

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസോ.പ്രൊഫ. നിയമനവുമായി ബന്ധപ്പെട്ട് അനുകൂലമായി വന്ന കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രിയ വര്‍ഗീസ്. വിഷയത്തില്‍ തനിക്കെതിരെ വേട്ടയാടല്‍ നടന്നെന്നും പ്രിയ വര്‍ഗീസ് ആരോപിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ.പ്രൊഫ. നിയമനത്തില്‍ തനിക്ക് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ഇതുമായി ബന്ധപ്പെട്ട് വേട്ടയാടലിന് വിദേയമായി. അത് വ്യക്തിപരമായി ഒരുപാട് വിഷമമുണ്ടാക്കിയിരുന്നു. ഇപ്പോഴത്തെ വിധി വലിയ സന്തോഷം ഉണ്ടാക്കുന്നതാണ്. നീതി ലഭിച്ചു.

അഭിമുഖത്തിന്റെ തലേദിവസം വരെ വിളിച്ച് ഭീഷണിപ്പെടുത്തലുകളുണ്ടായിരുന്നു. ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ കോടതിയെയല്ല മാധ്യങ്ങളെയാണ് സമീപിച്ചത്. അതില്‍ സംശയമുണ്ട്,’ പ്രിയ പറഞ്ഞു.

എന്താണ് അധ്യാപനം എന്ന ചോദ്യം ഈ കേസുമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

‘ക്ലാസ് മുറികളില്‍ നിന്ന് മാത്രം സംഭവിക്കുന്നതാണോ അധ്യാപനം. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍, നാഷണല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഇതിന്റെ പരിധിയില്‍ വരില്ലേ എന്ന പ്രസക്തമായ ചോദ്യമാണ് ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നത്.

പണ്ടൊക്കെ ഇതിനെ കോ- കരിക്കുലര്‍ ആക്ടിവിറ്റി എന്നാണ് വിശേഷിപ്പിച്ചിരുന്നെങ്കില്‍, പുതിയ മാനദണ്ഡപ്രകാരം യു.ജി.സി തന്നെ കരിക്കുലത്തിന്റെ ഭാഗമായിട്ടാണ് ഇതിനെ എണ്ണുന്നത്. അധ്യാപകര്‍ക്കല്ലാതെ ആര്‍ക്കാണ് അതിന്റെയൊക്കെ മേല്‍നോട്ടം വഹിക്കാനാകുക,’ പ്രിയ വര്‍ഗീസ് പറഞ്ഞു.

അതേസമയം, അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.