| Saturday, 1st July 2017, 1:42 pm

ഉത്തരവാദിത്തം മറന്ന യോഗി ആദിത്യനാഥിനെ തിരുത്തി കണ്ണൂരിലെ സ്‌കൂള്‍ കുട്ടികള്‍: ഒപ്പം ജയിംസ് മാത്യു എം.എല്‍.എയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സ്വന്തം ഉത്തരവാദിത്തം മറന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരുത്തി കണ്ണൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. യു.പിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ മക്കളുടെ വിദ്യാഭ്യാസത്തിന് കിഡ്‌നി വില്‍ക്കാനായി ഒരുങ്ങിയ യു.പിയിലെ ആഗ്ര സ്വദേശിനിയായ അമ്മയ്ക്ക് സഹായം നല്‍കിക്കൊണ്ടാണ് കണ്ണൂരിലെ കുട്ടികള്‍ യോഗി ആദിത്യനാഥിന് പാഠമായത്.

തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു യു.പിയിലെ ആരതി ശര്‍മ്മയെന്ന അമ്മയെ സഹായിക്കാനുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍.

മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം കാരണം ഭര്‍ത്താവിന്റെ തുണിക്കച്ചവടം തകര്‍ന്നതോടെയാണ് ആരതി ശര്‍മ്മയും കുടുംബവും ദുരിതത്തിലായത്. നിധി, നവ്യ, നന്ദിനി എന്നീ മൂന്ന് പെണ്‍മക്കളും ശൗര്യ എന്ന മകനുമടക്കം നാലു കുട്ടികളാണ് ഇവര്‍ക്ക്.


Also Read: ഇതാണ് മാര്‍ക്കറ്റിങ്ങിന്റെ ശക്തി; പുതിയ നികുതി ഏര്‍പ്പെടുത്തിയത് ആഘോഷിക്കുന്ന സര്‍ക്കാറുള്ള ഏക രാജ്യം: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്


കച്ചവടം തകര്‍ന്നതോടെ ഇവരുടെ പഠനം നിന്നുപോകുന്ന അവസ്ഥയായി. ഇത് ആരതിയെ ഏറെ വിഷമത്തിലാക്കിയിരുന്നു. തുടര്‍ന്ന് ഫീസ് കാര്യങ്ങളില്‍ വിട്ടുവീഴ്ച ആവശ്യപ്പെട്ട് അവര്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു. അവര്‍ക്ക് സഹായിക്കാനായില്ല. തുടര്‍ന്ന് സര്‍ക്കാറിനോട് സഹായം ആവശ്യപ്പെട്ടു. എന്നാല്‍ അതും നടക്കാതായതോടെയാണ് മക്കളെ പഠിപ്പിക്കാന്‍ വൃക്ക വില്‍ക്കാന്‍ അവര്‍ ഒരുങ്ങിയത്.

വൃക്ക വില്‍ക്കാന്‍ തീരുമാനിച്ച ഇവര്‍ അക്കാര്യം അറിയിച്ച് ഒരു വീഡിയോ എടുത്ത് ഫെയ്സബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ന്യൂസ് 18 ചാനല്‍ ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയാക്കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജയിംസ് മാത്യു എം.എല്‍.എ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സ്വന്തം മണ്ഡലത്തിലെ 115 സ്‌കൂളുകളില്‍ അദ്ദേഹം ഇക്കാര്യം അവതരിപ്പിക്കുകയും ഇതുസംബന്ധിച്ച വാര്‍ത്ത കുട്ടികള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. യു.പിയിലെ ആ അമ്മയേയും കുട്ടികളേയും സഹായിക്കാന്‍ ആ 115 സ്‌കൂളുകളിലേയും കുട്ടികള്‍ മുന്നോട്ടുവന്നു. അതത് സ്‌കൂളുകളില്‍ സ്ഥാപിച്ച കാരുണ്യപ്പെട്ടിയില്‍ അവര്‍ തങ്ങളാല്‍ കഴിയാവുന്ന സഹായം നിക്ഷേപിച്ചു. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.


Don”t Miss: ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


രണ്ടുലക്ഷത്തില്‍ അധികം രൂപയാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്. തുടര്‍ന്ന് കണ്ണൂരിലെ അധ്യാപകര്‍ ഈ പണവുമായി ആഗ്രയിലേക്കു തിരിച്ചു. അവിടെ ആരതിയെയും കുടുംബത്തെയും കണ്ട് പണം കൈമാറി. നാലു കുട്ടികളുടെയും ഒരുവര്‍ഷത്തെ ഫീസ് മുന്‍കൂറായി അടയ്ക്കുകയും ചെയ്തു. പഠനം കേരളത്തില്‍ തുടരാന്‍ കുട്ടികളെ ക്ഷണിക്കുകയും ചെയ്തു.

പാതിവഴിയില്‍ നിന്നുപോകുമായിരുന്ന തന്റെ മക്കളുടെ സ്‌കൂള്‍ജീവിതത്തിന് പുതുജീവനേകിയ കണ്ണൂരിലെ കുട്ടികള്‍ക്ക് നന്ദി പറയുമ്പോള്‍ ആരതി കരയുകയായിരുന്നു. “കേരളത്തിലെ ആ കുരുന്നുകള്‍ക്ക് എന്റെ നന്ദി. ഇത്രയും ദൂരെയുള്ള എന്റെ മക്കള്‍ക്കുവേണ്ടി അവര്‍ കാണിച്ച ഈ കാരുണ്യത്തിനും.” ആരതി പറഞ്ഞു.

പഠനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ കേരളത്തിലേക്കു വരാന്‍ മടിക്കേണ്ട എന്നു പറഞ്ഞാണ് അധ്യാപകര്‍ പിരിഞ്ഞത്.

ഇപ്പോള്‍ ആരതിയുടെ നാലു മക്കളും സ്‌കൂളില്‍ പോകുന്നുണ്ട്. മൂത്തമകള്‍ നിധി ഒമ്പതാം ക്ലാസ്സിലാണ്. പഠിച്ച് വലിയ ഡോക്ടറാകണമെന്നാണ് നിധിയുടെ ആഗ്രഹം. ഏഴിലെത്തിയ നവ്യയ്ക്ക് പൊലീസാകണമെന്നാണ് മോഹം. നന്ദിനിക്കാവട്ടെ കലക്ടറാകണം. ശൗര്യയ്ക്ക് സൈന്യത്തില്‍ ചേരാനാണ് ഇഷ്ടം.

We use cookies to give you the best possible experience. Learn more