ശ്രീകണ്ഠാപുരം ടൗണ്‍ മുങ്ങുന്നു; ഇരുനില കെട്ടിടങ്ങള്‍ വരെ വെള്ളത്തിനടിയില്‍
Kerala
ശ്രീകണ്ഠാപുരം ടൗണ്‍ മുങ്ങുന്നു; ഇരുനില കെട്ടിടങ്ങള്‍ വരെ വെള്ളത്തിനടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 10:13 am

കണ്ണൂര്‍: ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നഗരം വെള്ളത്തിനടിയില്‍. നഗരത്തിലെ ഇരുനില കെട്ടിടങ്ങള്‍ വരെ വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകളില്‍ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഇവിടെ കനത്ത മഴ തുടരുകയാണ്. മലയോരമേഖയില്‍ വെള്ളപ്പൊക്കത്തിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. അയ്യംകുന്ന്, ആറളം, കൊട്ടിയൂര്‍ ചപ്പമല എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടി.

ജില്ലയില്‍ ഇരുപതോളം ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്. വെള്ളപ്പൊക്ക മേഖലയില്‍ സഹായത്തിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ഇപ്പോഴും കണ്ണൂര്‍ ജില്ലയില്‍ ഇടതടവില്ലാതെ പെയ്ത് കൊണ്ടിരിക്കുകയാണ്. മലയോര മേഖലയെയാണ് കനത്ത മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

പലയിടത്തും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ഇരിട്ടി കോളിക്കടവില്‍ നൂറിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. വെളിയമ്പ്ര, പയഞ്ചേരി മുക്ക്, കൊട്ടിയൂര്‍, ഇരിക്കൂര്‍ എന്നിവടങ്ങളും വെള്ളത്തിനടിയിലാണ്.

മട്ടന്നൂരില്‍ തോട്ടില്‍ വീണ് കുഴിക്കല്‍ ശില്‍പ നിവാസില്‍ കെ.പത്മനാഭന്‍ മരിച്ചു. ദുരിതബാധിതരില്‍ ചിലരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.