| Wednesday, 11th October 2023, 9:42 am

'ഇവിടെ നീയാണ് ഹീറോ ഞാനല്ല'; മമ്മൂട്ടി സാർ എനിക്ക് തന്ന പരിഗണന കണ്ട് അത്ഭുതം തോന്നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ പവൻ ഭായി ആയി വന്ന് നിറഞ്ഞ കൈയ്യടികൾ നേടികൊണ്ടിരിക്കുകയാണ് നടൻ മനോഹർ പാണ്ടേ. ചിത്രത്തിൽ ടിക്രി വില്ലേജിൽ വെച്ച് നടക്കുന്ന 360 ആംഗിൾ ആക്ഷൻ സീക്വൻസിന്റെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് താരം.

ആ 360 ആംഗിൾ ഫൈറ്റ് സീക്വൻസ് ചെയ്യാൻ താൻ വലിയ ആകാംഷയിലായിരുന്നു എന്നാണ് മനോഹർ പറയുന്നത്. മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയെന്നും മനോഹർ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ മമ്മൂട്ടി സാറിന്റെ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഭീഷ്മ പർവ്വമാണ് എന്റെ ഓർമയിലുള്ളത്. കണ്ണൂർ സ്‌ക്വാഡിന്റെ ഓഡിഷനിൽ പങ്കെടുത്ത്, വിളിക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് എന്റെയൊരു മലയാളി സുഹൃത്ത് എന്നോട് ഭീഷ്മ പർവ്വം സിനിമ എന്തായാലും കാണണം എന്ന് പറഞ്ഞത്.

എനിക്കത് വളരെ ഇഷ്ടമായി പ്രകടനങ്ങളും മ്യൂസിക്കുമെല്ലാം വളരെ മികച്ചതായിരുന്നു. അത് കണ്ടപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ ഈ മമ്മൂട്ടി സാറിന്റെ കൂടെയാണ് വർക്ക് ചെയ്യാൻ പോവുന്നതെന്ന്.

അദ്ദേഹം ഒരു ലെജൻഡാണ്. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയിൽ അവസരം കിട്ടുന്നതൊരു വലിയ കാര്യമാണ്. ടിക്രി വില്ലേജിലെ ഷൂട്ടിംങിനിടയിലാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അപ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ എനർജിയും ഓറയും പേഴ്സണാലിറ്റിയുമെല്ലാം മനസ്സിലാക്കുന്നത്. ഞാൻ അദ്ദേഹത്തെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. മമ്മൂട്ടി സാർ എല്ലാവരുമായി നല്ല അടുപ്പമായിരുന്നു. അദ്ദേഹം ഞങ്ങളെ എല്ലാവരെയും കംഫർട്ടബിളാക്കുമായിരുന്നു. അതാണ് എന്റെ പ്രകടനത്തിലെല്ലാം കാണാൻ കഴിയുന്നത്.

എന്റെ സീനിന് മുൻപും ശേഷവും സിനിമയിൽ എന്താണ് എന്നെനിക്കറിയില്ലായിരുന്നു. ആ 360 ആംഗിൾ ഫൈറ്റ് സീക്വൻസ് ചെയ്യാൻ ഞാൻ വലിയ ആകാംഷയിലായിരുന്നു. അതൊരു ബുദ്ധിമുട്ടുള്ള സീനായിരുന്നു. ഞാൻ ആദ്യമായിട്ടായിരുന്നു അത്രയും ബുദ്ധിമുട്ടുള്ള ഒരു സീൻ ചെയ്യുന്നത്. ആക്ഷൻ സീൻ ചെയ്യാനുള്ള താത്പര്യം കാരണം ഡ്യൂപ്പിനെ വേണ്ടായെന്ന് ഞാൻ പറഞ്ഞു.

പക്ഷേ അത് വളരെ സ്മൂത്തായി നടന്നു. ആ സീനിന് ശേഷം മമ്മൂട്ടി സാർ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു ‘ നീയിത് വളരെ നന്നായി ചെയ്തു. ഇവിടെ നീയാണ് ഹീറോ ഞാനല്ല ‘എന്ന്. അതെനിക്കൊരു വലിയ അഭിനന്ദനമായിരുന്നു. മമ്മൂക്ക എന്നെ പോലെയൊരാൾക്ക് തന്ന പരിഗണനയും ബഹുമാനവും കണ്ട് ഞാൻ ശരിക്കും അമ്പരന്നു പോയി,’മനോഹർ പറയുന്നു.

Content Highlight : Kannur Squade Actor Manohar Pande Talk About Experience With Mammootty In Kannur Squade

Latest Stories

We use cookies to give you the best possible experience. Learn more