| Saturday, 30th September 2023, 8:37 pm

കണ്ണൂര്‍ സ്‌ക്വാഡ് വിജയം ആഘോഷമാക്കി മമ്മൂട്ടി; വീട്ടിലെ ആഘോഷത്തില്‍ കുഞ്ചാക്കോയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്.

മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ വിജയം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മമ്മൂട്ടിയുടെ വീട്ടിലാണ് കണ്ണൂര്‍ സ്‌ക്വാഡ് വിജയാഘോഷം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നടന്‍ കുഞ്ചാക്കോ ബോബനും വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം മികച്ച പ്രതികരണം നേടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് സിനിമ പ്രദര്‍ശനം തുടരുന്നത്.

തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും സിനിമ കണ്ടവര്‍ പറഞ്ഞിരുന്നു.

പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.

സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.

ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlight: Kannur squad sucess celebration in mammootty’s house

We use cookies to give you the best possible experience. Learn more