കണ്ണൂര്‍ സ്‌ക്വാഡിന് രണ്ട് ടീമുണ്ടെന്നും എ ടീമിനെയാണ് ചിത്രത്തില്‍ കണ്ടതെന്നും ടീം ബിയെ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി. അവര്‍ അവിടെ ബീഹാറില്‍ തന്നെയുണ്ടെന്നും ചിത്രത്തില്‍ അവരുടെ കഥാപാത്രം വ്യക്തമാണെന്നും മുഹമ്മദ് ഷാഫി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷാഫി.
‘കണ്ണൂര്‍ സ്‌ക്വാഡില്‍ ടീം എയെ ആണ് നിങ്ങള്‍ കണ്ടത്. കാണാത്തത് രാജശേഖരന്റെ ടീം ബിയെ ആണ്. ടീം ബിയിലെ കഥാപാത്രങ്ങളെ കുറിച്ച് വളരെ വ്യക്തമായി സിനിമയില്‍ പറയുന്നുണ്ട്. അവര്‍ അവടെ ശരിക്കുമുണ്ട്, അങ്ങ് ബീഹാറില്‍. അത് അവിടെ രഹസ്യമായിട്ടിരിക്കട്ടെ എന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. എന്തൊക്കെ ചോദിച്ചാലും ഞാന്‍ അത് പറയില്ല’, ഷാഫി തമാശയായി പറഞ്ഞു. ടീം ബിയിലെ കഥാപാത്രമായി മലയാളത്തിലെ മറ്റുനടന്മാര്‍ വരുമൊയെന്ന ചോദ്യത്തിനായിരുന്നു തിരക്കഥാകൃത്തിന്റെ രസകരമായ മറുപടി.
സിനിമയില്‍ ആദ്യം വിചാരിച്ച നായകന്‍ മമ്മൂട്ടിയല്ലെന്നും അതാരാണെന്ന് പറയില്ലെന്നും മുഹമ്മദ് ഷാഫി പറഞ്ഞു. യഥാര്‍ത്ഥ സംഭവമായതുകൊണ്ട് ഒരു ഡോക്യു ടൈപ്പായി മാറുമെന്ന കാരണത്താല്‍ റീവര്‍ക്ക് ചെയ്ത് തിരക്കഥ മാറ്റിയപ്പോഴാണ് മമ്മൂക്കയെ നായകനാക്കിയതെന്നന്നും ഷാഫി പറഞ്ഞു.
‘ആദ്യം വിചാരിച്ച നായകന്‍ മമ്മൂട്ടിയല്ല. അതാരാണെന്ന് പറയില്ല. തിരക്കഥയെഴുതുമ്പോള്‍ കഥാപാത്രം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. ജോര്‍ജ് മാര്‍ട്ടിന്‍ ആരാണെന്നും.
ജോസ്, ഷാജി, ജയകുമാര്‍ ഇവരെയെല്ലാം നന്നായി അറിയാം പക്ഷേ ഇത് യഥാര്‍ത്ഥ സംഭവമായതുകൊണ്ട് ഒരു ഡോക്യു സ്റ്റൈലായി മാറുമെന്ന കാരണത്താല്‍ റീവര്‍ക്ക് ചെയ്തു. അപ്പോള്‍ ഫ്രേം വലുതായി. വീണ്ടും ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുത്താല്‍ സാധിച്ചു. അങ്ങനെയാണ് മമ്മൂട്ടി എന്ന നടനിലേക്ക് എത്തുന്നത്.
മമ്മൂക്കയ്ക്ക് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിനെ നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല. എന്നാലും കണ്ണൂര്‍ സ്‌ക്വാഡ് എന്താണെന്ന് മമ്മൂക്കയ്ക്ക് ഞങ്ങള്‍ പറഞ്ഞു കൊടുത്തു. മാത്രമല്ല അദ്ദേഹം കണ്ണൂര്‍ സ്‌ക്വാഡിനെ വ്യക്തമായി പഠിച്ചുകൊണ്ടാണ് ഷൂട്ടിന് വന്നത്.
സിനിമയിലുപരി മമ്മൂക്ക വളരെ അപ്‌ഡേറ്റായിട്ടുള്ള ആളാണ്. യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിനെ മമ്മൂക്ക കണ്ടിട്ടിലെങ്കില്‍ പോലും അദ്ദേഹം ഒരുപാട് നന്നായിട്ടാണ് അവരെ അവതരിപ്പിച്ചത്. മാത്രമല്ല മമ്മൂക്ക ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു എ.എസ്.ഐ ആയിട്ട് വരുന്നത് ഇത് ആദ്യമായിട്ടാണ്,’ ഷാഫി പറഞ്ഞു.
Content Highlight: Kannur Squad Secret B Squad