| Saturday, 15th April 2023, 7:01 pm

ഇതാണ് ആ കണ്ണൂര്‍ സ്‌ക്വാഡ്; നാലാള്‍പ്പടയുടെ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനാവുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്റ് ലുക്ക് പുറത്ത്. ഇതുവരെ വെളിപ്പെടുത്താതിരുന്ന കണ്ണൂര്‍ സ്‌ക്വാഡിലെ നാലംഗ സംഘത്തെ മുഴുവനായും വെളിപ്പെടുത്തിയിരിക്കുകയാണ് സെക്കന്റ് ലുക്കില്‍. മമ്മൂട്ടിക്ക് പുറമേ അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി ഡേവിഡ് എന്നിവരാണ് പോസ്റ്ററുലുള്ളത്.

നേരത്തെ വന്ന ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു. ക്ലോസപ്പിലുള്ള മമ്മൂട്ടിയുടെ മുഖവും ഒപ്പം ജീപ്പ് ലൈറ്റിന്റെ ബാക്ക്ഗ്രൗണ്ടില്‍ നാല് പേര്‍ നടക്കുന്നതുമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുക്കിയ പോസ്റ്ററില്‍ കണ്ടത്. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. റോബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെയും വേഫാറര്‍ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. മുംബൈ, പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

Content Highlight: kannur squad second look poster

We use cookies to give you the best possible experience. Learn more