നിന്നെ ഞാനെന്റെ വീട്ടില്‍ പൂട്ടിയിടും, കണ്ണൂര്‍ സ്‌ക്വാഡിന്റെ റിസള്‍ട്ട് അറിഞ്ഞിട്ടേ വിടൂവെന്ന് മമ്മൂക്ക: റോണി ഡേവിഡ്
കണ്ണൂര്‍ സ്‌ക്വാഡ് നല്‍കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമാണ് റോണി ഡേവിഡ്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം ചെറുതൊന്നുമല്ലെന്നാണ് റോണി പറയുന്നത്. ഒപ്പം റിലീസിന് മുന്‍പ് താന്‍ അനുഭവിച്ച ടെന്‍ഷനെ കുറിച്ചും മമ്മൂക്ക തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ റോണി.
ഞാന്‍ എഴുതിയ കുറേ കാര്യങ്ങള്‍ നല്ല കുറേ നടന്മാര്‍ അഭിനയിക്കുന്നത് കണ്ടു. പിന്നെ മമ്മൂക്കയുടെ കൂടെ ഇത്രയേറെ ദിവസം പങ്കിടാന്‍ കഴിഞ്ഞത് തന്നെ വലിയ സന്തോഷമാണ്. പ്രോസസ് എല്ലാം കഴിഞ്ഞു. ഇനിയിപ്പോള്‍ ഇതെന്താവുമെന്ന് ആലോചിച്ച് ഉറക്കമില്ലാത്ത കുറേ രാത്രികള്‍ ഉണ്ടായിരുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുമ്പോള്‍ തന്നെ ഇത് എങ്ങനെയാണ് വരാന്‍ പോകുന്നത് എന്നോര്‍ത്തുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ മമ്മൂക്ക തന്നെ തമാശയായി എന്നോട് പറഞ്ഞിരുന്നു, തലേദിവസം ഞാന്‍ നിന്നെ എന്റെ വീട്ടില്‍ പൂട്ടിയിടും റിസള്‍ട്ട് കഴിഞ്ഞിട്ടേ വിടുള്ളൂ എന്ന്. തമാശക്കാണെങ്കിലും അതൊക്കെ കേട്ടപ്പോള്‍ പേടി തോന്നിയിരുന്നു.
എത്ര നെഗറ്റീവ് കഥാപാത്രമാണെങ്കിലും അത് ആളുകളെ ഇഷ്ടപ്പടുത്തുക എന്നതിനേക്കാള്‍ തിരക്കഥയെ കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. എന്‍ഡിങ്ങിനെ കുറിച്ചൊക്കെയായിരുന്നു ചിന്ത.
നാല് പേര്‍ ആര്‍മി പോലെ ഫോം ചെയ്ത് പോകുമ്പോള്‍ ഒരാള്‍ ട്രബിള്‍ മേക്കറാക്കുന്നു. എന്തുകൊണ്ട് അയാള്‍ അങ്ങനെ ആയി, അഴിമതി നടത്തി എന്നത് കഥയില്‍ പറഞ്ഞിട്ടുണ്ട്. പല ഇഷ്യൂസ് ഇയാള്‍ നേരിടുന്നുണ്ട്. ഒരു ലിമിറ്റ് കഴിഞ്ഞപ്പോള്‍ കൂടെയുള്ള ആള്‍ ചവിട്ടിയപ്പോള്‍ അയാള്‍ക്ക് താങ്ങാനായില്ല.
ഈ പടം ഇറങ്ങുന്ന സമയത്ത് കുറേ പേര്‍ തീരന്‍ അധികാരമൊന്‍ട്രുമായി കംപയര്‍ ചെയ്തു. അങ്ങനെയൊരു കംപാരിസണ്‍ വരുമെന്ന് എനിക്കും അറിയാമായിരുന്നു.
ഒരു അഭിമുഖത്തില്‍ ഒരാള്‍ എന്നോട് ചോദിച്ചു, മാരി സെല്‍വരാജിന്റെ തീരന്‍ അധികാരമൊന്‍ട്രുമായി ഇതിന് സാമ്യമുണ്ടല്ലോ എന്ന്. സംവിധായകന്റെ പേര് പോലും തെറ്റിച്ചാണ് അദ്ദേഹം പറയുന്നത്. സംവിധായകന്‍ എച്ച്.വിനോദാണ് എന്ന് ഞാന്‍ തിരുത്തി. അതുപോലും അറിയാതെയാണ് ചോദിക്കുന്നത്. ചോദിക്കുമ്പോള്‍ നമ്മള്‍ അതെങ്കിലും പഠിക്കണ്ടേ.
എന്തെങ്കിലുമൊരു കുറവ് പറയണമല്ലോ അല്ലാതെ സമാധാനം വരില്ല. അതില്‍ ഡി.വൈ.എസ്.പി തീരനാണ്. അദ്ദേഹം പവര്‍ഫുള്‍ ആയ കഥാപാത്രമാണ്. ഇതില്‍ എ.എസ്.പിയും ടീമുമാണ്. മമ്മൂക്കയുടേത് അത്ര പവറില്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ്. പിന്നെ മമ്മൂക്ക, അദ്ദേഹം എന്തും ഗംഭീരമാക്കുന്ന നടനാണല്ലോ,’ റോണി പറഞ്ഞു.
Content Highlight: Kannur Squad Script writer Roni David amout Mammoottys Joke