ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യമായി വര്‍ക്ക് ചെയുന്ന സിനിമ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയെന്നത് ഒരു ഭാഗ്യമാണ്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ആഹ്ലാദ കൊടുമുടിയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
അമല്‍ നീരദ്, ആഷിക് അബു, അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയ സംവിധായകര്‍ക്ക് ശേഷം മമ്മൂക്കയുടെ കൈപിടിച്ചു വെള്ളിത്തിരയില്‍ അരങ്ങേറിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ്. മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദര്‍ അടക്കമുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് റോബി വര്‍ഗീസ് ആയിരുന്നു.
ഇപ്പോഴിതാ തിരക്കഥാകൃത്തില്‍ ഒരാളായ മുഹമ്മദ് ഷാഫി കണ്ണൂര്‍ സ്‌ക്വാഡിലെ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രം മമ്മൂക്കയിലേക്ക് എത്തിച്ചേരാനുണ്ടായ കാരണം പങ്കുവെച്ചിരിക്കുകയാണ്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്.
‘സാറിന്റെ വീടിന്റെ ഗേറ്റ് തുറന്ന് തരുകയെന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. ഞാന്‍ മമ്മൂക്കയുടെ വലിയ ഫാന്‍ ബോയ് ആണ്. എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ വലിയ ആരാധകരാണ്. സിനിമയിലെ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രം കണ്ണൂര്‍ സ്‌ക്വാഡിലെ മറ്റുള്ളവര്‍ക്ക് ഒരു വല്യേട്ടനെ പോലെയാണ്, കഥ കേട്ടപ്പോള്‍ തൊട്ട് മമ്മൂക്ക നല്ല കോണ്‍ഫിഡന്റ് ആയിരുന്നു, ആ ധൈര്യമാണ് ഞങ്ങള്‍ക്ക് അദ്ദേഹം പകര്‍ന്ന് തന്നത്’, ഷാഫി പറയുന്നു.
എല്ലാ ചേരുവകളും വേണ്ട രീതിയില്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. റിയലിസ്റ്റിക് ആയി പൊലീസ് കഥകള്‍ പറയുന്ന സിനിമകള്‍ മുന്‍പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും കണ്ണൂര്‍ സ്‌ക്വാഡ് എന്ന ഒര്‍ജിനല്‍ സ്‌ക്വാഡിനെ കുറിച്ചും അവരുടെ അന്വേഷണ യാത്രകളുമാണ് സിനിമയിലുടനീളം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
മികച്ച പ്രകടനകളോടൊപ്പം മുഹമ്മദ് റാഹിലിന്റെ ക്യാമറകണ്ണുകളോടൊപ്പം സുഷിന്റെ സംഗീതവും കൂടെ ചേരുമ്പോള്‍ ഒരു മികച്ച തിയേറ്റര്‍ അനുഭവമായി കണ്ണൂര്‍ സ്‌ക്വാഡ് മാറുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.
മമ്മൂട്ടി കമ്പനി ഒരുക്കിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പൊലീസ് വേഷമാണ് ചിത്രത്തിലേത്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന നാല്‍വര്‍സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ഒരു ക്രൈം ത്രില്ലെര്‍ ചിത്രമായി ഒരുക്കിയ സിനിമയുടെ കഥ മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
Content Highlight: Kannur Squad Script Writer about Mammootty