മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ മമ്മൂട്ടിയെ ചാടിയടിക്കുന്ന മലയാളി പെണ്‍കുട്ടിയാണ് കാതറിന്‍ മറിയ. സിനിമയിലെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹം താനൊരു ഹിന്ദിക്കാരിയാണെന്നു കരുതി സംസാരിച്ച സംഭവത്തെ പറ്റി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മനസു തുറക്കുകയാണ് കാതറിന്‍.
‘ഷൂട്ട് നടന്നു കൊണ്ടിരിക്കെ മമ്മൂക്ക വന്ന് ഇംഗ്ലീഷില്‍ സംസാരിച്ചു. ഉടനെ ഞാന്‍ മലയാളിയാണെന്നു പറഞ്ഞു. അതുകേട്ടതും മമ്മൂക്ക സര്‍പ്രൈസ്ഡായി. കാരണം ആ സെറ്റ് മുഴുവന്‍ ഹിന്ദിക്കാരാണ് എന്നാണ് മമ്മൂക്ക വിചാരിച്ചിരുന്നത്,’ കാതറിന്‍ മറിയ
മലയാളിയാണെന്ന് അറിഞ്ഞതോടെ മമ്മൂട്ടി കാതറിനോട് കൂടുതല്‍ സംസാരിച്ചു. വീടെവിടെയാണെന്ന് ചോദിച്ചെന്നും ശേഷം തന്റെ ഫൈറ്റിനെ പറ്റി കമന്റ് പറഞ്ഞെന്നും കാതറിന്‍ കൂട്ടിചേര്‍ത്തു.
‘തൃശൂരാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയ്ക്ക് സന്തോഷമായി. ഇത്രയും നല്ല ഫൈറ്റേഴ്സ് നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടാണോ ചെന്നൈയില്‍ നിന്ന് ആളെ വിളിക്കാറ് എന്നൊരു കമന്റ് പറഞ്ഞു. ആക്ടിങ് പഠിച്ചിട്ടുണ്ടോ എന്നും ചോദിച്ചു,’ കാതറിന്‍ മറിയ
സിനിമയുടെ ഇടയില്‍ ഉണ്ടായ തന്റെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളെ പറ്റിയും കാതറിന്‍ പറയുന്നുണ്ട്.
‘സിനിമയില്‍ വന്നു വീഴുന്ന സീന്‍ കഴിഞ്ഞ് എഴുന്നേറ്റതും കാണുന്നത് മമ്മൂക്ക അടുത്തേക്ക് വരുന്നതാണ്. അടുത്തു വന്ന് ആ സീനില്‍ കൈ തന്ന് നന്നായി ചെയ്‌തെന്നു പറഞ്ഞു. അതില്‍ സന്തോഷം തോന്നി. ഒരു തുടക്കക്കാരി എന്ന നിലയില്‍ എനിക്കത് ഓസ്‌കാര്‍ കിട്ടിയതു പോലെയായിരുന്നു. വളരെ ഹാപ്പിയാണ്. ആ ഒരു മൊമന്റിലും ഇന്ന് ആ സീന്‍ കണ്ടപ്പോഴും വളരെ ഹാപ്പിയായി,’ കാതറിന്‍ മറിയ
മമ്മൂട്ടിയെ ചാടിയടിക്കുന്ന സീനിനെ പറ്റിയും ആ സീന്‍ ചെയ്യാന്‍ വേണ്ടി മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സപ്പോര്‍ട്ടിനെ പറ്റിയും കാതറിന്‍ സംസാരിച്ചു.
‘എന്തായാലും ഇതൊരു ആക്ടിങാണ്. എന്തു സീനാണ് എന്നതോ എങ്ങനെ നമ്മളെ കാണിക്കും എന്നതോ അല്ല പ്രധാനം. ഒരു സിനിമ അന്വേഷിക്കുമ്പോള്‍ എന്നെ ഹീറോയിന്‍ ആയിട്ടേ കാണിക്കാന്‍ പാടുള്ളൂ, എന്നെ ഇത്ര ഭംഗിയിലേ കാണിക്കാന്‍ പാടുള്ളൂ എന്നൊന്നും നിര്‍ബന്ധം പിടിച്ചിട്ട് കാര്യമില്ല. സിനിമ ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ ചെയ്യുക. മമ്മൂക്കയെ അടിക്കേണ്ട സീന്‍ വന്നപ്പോള്‍ അതു വേണോ എന്നു ഞാന്‍ ചോദിച്ചു. കാരണം നാളെ എനിക്ക് കേരളത്തിലൂടെ ഇറങ്ങി നടക്കാനുള്ളതല്ലേ. എന്നാല്‍ അതു ചെയ്തു കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി. മമ്മൂക്ക ഉള്‍പ്പെടെയുള്ളവര്‍ തന്ന സ്‌നേഹവും സപ്പോര്‍ട്ടും വളരെ വലുതായി തോന്നി,’ കാതറിന്‍ മറിയ
Content Highlight: Kannur Squad’s Malayali Fighter Girl About Mammootty