തന്റെ ആദ്യ സ്‌ക്രിപ്റ്റായ കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ പറയാന്‍ മമ്മൂട്ടിയെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ മുഹമ്മദ് ഷാഫി. മെഗാ സ്റ്റാറിനെ നേരിട്ടു കാണുമ്പോള്‍ തന്റെ കിളി പോകുമെന്ന് മുമ്പുതന്നെ അറിയാമായിരുന്നു.
‘കഥ പറയാന്‍ പോകുന്നത് വളരെ പ്ലാന്‍ഡായിട്ടാണ്. റോണി ചേട്ടന്‍ ഹെല്‍പ് ചെയ്തിരുന്നു. കഥ കേള്‍ക്കുമ്പോള്‍ സാറ് ഉറപ്പായും ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറഞ്ഞിരുന്നു. ആ സമയം മറുപടിയില്ലാതെ ബ്ബബ്ബബ്ബ അടിക്കരുതെന്നും പറഞ്ഞിരുന്നു. ഏതൊക്കെ ഭാഗങ്ങള്‍ ആരൊക്കെ പറയണമെന്നും ആദ്യമേ തന്നെ തീരുമാനിച്ചാണ് പോയത്. സാറ് കഥ കേള്‍ക്കാന്‍ എത്തിയത് ഭീഷ്മയുടെ ലുക്കിലാണ്. സാറ് വെറുതെ വന്നു നിന്നാല്‍ തന്നെ മാസാണ്,’ ഷാഫി പറഞ്ഞു
താന്‍ ഇതിനു മുമ്പ് അദ്ദേഹത്തെ നേരിട്ട് കണ്ടത് ദൂരെ നിന്നാണെന്നും വേറെ പടങ്ങളിലൊന്നും വര്‍ക്ക് ചെയ്തിട്ടില്ലാത്തത് കാരണം അടുത്തു കാണാനുള്ള അവസരങ്ങളൊന്നും മുമ്പ് കിട്ടിയിട്ടില്ലെന്നും ഷാഫി പറയുന്നു.
‘ഞാന്‍ അതിനു മുമ്പ് സാറിനെ കണ്ടത് നൂറ്റിയമ്പത് അല്ലെങ്കില്‍ ഇരുന്നൂറ് മീറ്ററ് ദൂരെ നിന്നാണ്. ഞാന്‍ വേറെ പടങ്ങളിലൊന്നും വര്‍ക്ക് ചെയ്തിട്ടില്ലാത്തത് കാരണം നേരിട്ട് കാണാനുള്ള അവസരങ്ങളൊന്നും കിട്ടിയിട്ടില്ല. ഞാന്‍ സാറിന്റെ ഒരു ഫാന്‍ബോയ് ആണ്. ഞാനും എന്റെ ഫാമിലിയും ഫ്രണ്ട്‌സും നാട്ടുകാരും എല്ലാവരും മമ്മൂട്ടി സാറിന്റെ ഫാന്‍സാണ്. സാറിനെ നേരിട്ടു കാണുമ്പോള്‍ എന്റെ കിളി പോകുമെന്ന് മുമ്പുതന്നെ അറിയാമായിരുന്നു. അന്ന് ഭീഷ്മയുടെ ലുക്ക് പുറത്തു വന്നിട്ടില്ല. ആ ലുക്കില്‍ ജുബ്ബയും ഇട്ട് സാറ് മുന്നില്‍ വന്നതോടെ കിളി പോയി,’ മുഹമ്മദ് ഷാഫി പറഞ്ഞു
ആദ്യം കിളി പോയി ഇരുന്നെങ്കിലും പിന്നീട് കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ പറഞ്ഞു തുടങ്ങി. പിന്നാലെ പ്രതീക്ഷിച്ച പോലെ മമ്മൂട്ടിയുടെ ചോദ്യങ്ങള്‍ വന്നു.
‘കഥ പറഞ്ഞു തുടങ്ങി പതിനഞ്ചു മിനിട്ട് ആയപ്പോഴേക്കും മമ്മൂട്ടി സാര്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. എപ്പോഴാണ് ചോദ്യങ്ങള്‍ വരുന്നതെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍. കാരണം റോണി ചേട്ടന്‍ ആദ്യമേ തന്നെ സാര്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറഞ്ഞിരുന്നു. ഭാഗ്യംകൊണ്ട് കറക്ടായി ഉത്തരം പറയാന്‍ പറ്റി. ഒരു ടെക്‌നിക്കല്‍ ചോദ്യമായിരുന്നു അത്. സിനിമയിലെ ആദ്യ കേസുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു. ആ കേസില്‍ സാറ് ഇന്‍ ആയെന്ന് മനസിലായതോടെ മനസിന് ഒരു സന്തോഷം തോന്നി. പിന്നെ കഥ പറഞ്ഞിരിക്കാന്‍ നല്ല ഫ്‌ളോ കിട്ടി. സാറാണെങ്കില്‍ അടിപൊളിയായി കേട്ടിരിക്കുന്ന വ്യക്തിയാണ്,’ ഷാഫി പറയുന്നു
രണ്ടു ദിവസം കൊണ്ടാണ് മമ്മൂട്ടിയോട് കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ പറഞ്ഞു തീര്‍ത്തത്. ആദ്യത്തെ ദിവസം ഫസ്റ്റ് ഹാഫും രണ്ടാമത്തെ ദിവസം സെക്കന്റ് ഹാഫും പറഞ്ഞു. രണ്ടാമത്തെ ദിവസം പോയപ്പോള്‍ മെഗാ സ്റ്റാര്‍ ശരിക്കും ഞെട്ടിച്ചെന്ന് ഷാഫി കൂട്ടിചേര്‍ത്തു.
‘ആദ്യത്തെ ദിവസം ഫസ്റ്റ് ഹാഫ് പറഞ്ഞു തീര്‍ത്തു. അന്ന് എല്ലാം കേട്ടുകഴിഞ്ഞ ശേഷം ആ സ്ഥലങ്ങളെ പറ്റി സംസാരിച്ചിരുന്നു. സാറിന് ആ സ്ഥലത്തെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു. സാറ് നമ്മുടെ സിനിമയെ പറ്റി പറയുന്നത് കേട്ടപ്പോള്‍ മനസിന് വലിയ സന്തോഷം തോന്നി. സെക്കന്റ് ഹാഫ് പറയാന്‍ രണ്ടാമത്തെ ദിവസം പോയപ്പോള്‍ അന്ന് മമ്മൂട്ടി സാറിന് എന്തോ മീറ്റിങ് ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് കഥ പെട്ടെന്ന് പറഞ്ഞു തീര്‍ക്കണമായിരുന്നു. ഫസ്റ്റ് ഹാഫിന്റെ എന്‍ഡിങ് സീന്‍ ഞാന്‍ വെറുതെ പറഞ്ഞു തുടങ്ങിയതും സാറ് ഓര്‍ത്തെടുത്ത് ആ സീനുകള്‍ ഇങ്ങോട്ടു പറഞ്ഞു. അതു ശരിക്കും ഞെട്ടിച്ചു,’ മുഹമ്മദ് ഷാഫി പറഞ്ഞു
Content Highlight: Kannur Squad’s Script Writer Muhammed Shafi About Mammootty