നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. ആദ്യദിനം 2.40 കോടി നേടിയ കണ്ണൂര്‍ സ്‌ക്വാഡ്, രണ്ടാം ദിനത്തില്‍ 2.75 കോടിയാണ് നേടിയിരിക്കുന്നത്. മൂന്നാം ദിനവും ചിത്രത്തിന് മികച്ച കളക്ഷന്‍ തന്നെ ലഭിച്ചു.
ചിത്രം റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച നാലുകോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ട്.
ഒരു സാധാരണ മമ്മൂട്ടി ചിത്രത്തേക്കാള്‍ വളരെ കുറഞ്ഞ സ്‌ക്രീന്‍ കൌണ്ടുമായാണ് വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 168 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാല്‍ മോണിങ് ഷോകളിലൂടെത്തന്നെ മികച്ച അഭിപ്രായം വന്നുതുടങ്ങിയതോടെ മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ തിയേറ്റര്‍ ഒക്കുപ്പന്‍സി വര്‍ധിച്ചു.
പ്രേക്ഷകരുടെ വന്‍ നിരയെ മുന്നില്‍ക്കണ്ട് ആദ്യദിനം എഴുപത്തഞ്ചോളം ലേറ്റ് നൈറ്റ് ഷോകളാണ് ആദ്യദിനം കേരളത്തില്‍ നടന്നത്. രണ്ടാം ദിവസം 85 പുതിയ സ്‌ക്രീനുകളിലേക്കും ചിത്രം എത്തി.
രണ്ടാം ദിനം കേരളത്തില്‍ 253 സ്‌ക്രീനുകളിലേക്ക് കൌണ്ട് വര്‍ധിപ്പിച്ച ചിത്രത്തിന് ശനിയാഴ്ച 125 എക്‌സ്ട്രാ ഷോകളാണ് നടന്നത്. നാലാം ദിനമായ ഞായറാഴ്ചയിലേക്ക് എത്തിയപ്പോള്‍ തിയറ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം.
കേരളത്തില്‍ മാത്രം 330 ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റിരിക്കുന്നത്.
ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.