മികച്ച കളക്ഷനുമായി കണ്ണൂര്‍ സ്‌ക്വാഡ്; ഇതുവരെ നേടിയത്
Entertainment news
മികച്ച കളക്ഷനുമായി കണ്ണൂര്‍ സ്‌ക്വാഡ്; ഇതുവരെ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th September 2023, 9:25 pm

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. ഇപ്പോഴിതാ ആദ്യ ദിനമായ വ്യാഴാഴ്ചത്തെ കളക്ഷനെ മറികടക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ രണ്ടാം ദിന കളക്ഷന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ആദ്യദിനം 2.40 കോടി നേടിയ കണ്ണൂര്‍ സ്‌ക്വാഡ്, രണ്ടാം ദിനത്തില്‍ 2.75 കോടിയാണ് നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതനുസരിച്ച് രണ്ട് ദിവസത്തില്‍ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്. പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നത് കൊണ്ട് തന്നെ സിനിമ ആദ്യ വാരം കൊണ്ട് തന്നെ മികച്ച കളക്ഷന്‍ സ്വന്തമാക്കുമെന്നും ട്രാക്കര്‍മാര്‍ വിലയിരുത്തുന്നുണ്ട്.

സിനിമ ആദ്യ ദിനം റിലീസ് ചെയ്ത തിയേറ്ററുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ തിയേറ്ററില്‍ രണ്ടാം ദിനം പ്രദര്‍ശിപ്പിക്കുന്നതും മികച്ച അഭിപ്രായങ്ങളും ചിത്രത്തിന്റെ കളക്ഷന് ഗുണം ചെയ്യും.

കണ്ണൂര്‍ സ്‌ക്വാഡ് ആദ്യ ദിനം ലിമിറ്റഡ് റിലീസുകളില്‍ നിന്ന് തന്നെ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും സിനിമ ആദ്യ ഷോ കണ്ടവര്‍ പറഞ്ഞിരുന്നു.

പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.

സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.

ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlight: Kannur squad movie latest collection update