നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാകുന്നത്. ഇപ്പോഴിതാ കേരളത്തിന് പുറത്തും മമ്മൂട്ടി ചിത്രം മികച്ച നേട്ടം സ്വന്തമാകുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള പരമ്പരാഗത മാര്‍ക്കറ്റുകള്‍ മലയാളികള്‍ ഏറെയുള്ള ചെന്നൈയും ബംഗളൂരുവുമാണ്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോള്‍ അത്തരത്തില്‍ പ്രേക്ഷകശ്രദ്ധ നേടുന്നത് ബാംഗ്ലൂരില്‍ ആണ്.
ബംഗളൂരു നഗരത്തില്‍ ഇന്ന് മറ്റ് ഏത് ഇന്ത്യന്‍ ചിത്രത്തേക്കാള്‍ പ്രേക്ഷകരെത്തിയത് കണ്ണൂര്‍ സ്‌ക്വാഡ് കാണാനാണ്.
കര്‍ണാടകത്തില്‍ നിന്നുള്ള സിനിമ, ബോക്‌സ് ഓഫീസ് അപ്‌ഡേറ്റുകള്‍ എത്തിക്കുന്ന കര്‍ണാടക ടാക്കീസ് എന്ന എക്‌സ് ഹാന്‍ഡില്‍ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം ബംഗളൂരുവില്‍ ഇന്ന് ഏറ്റവുമധികം ഫാസ്റ്റ് ഫില്ലിങ് അല്ലെങ്കില്‍ ഹൌസ്ഫുള്‍ ഷോകള്‍ നടന്നത് കണ്ണൂര്‍ സ്‌ക്വാഡിന് ആണ്.
52 ഷോകള്‍. 48 ഷോകളുമായി ജവാന്‍ രണ്ടാം സ്ഥാനത്തും 23 ഷോകളുമായി ഫുക്രി 3 മൂന്നാം സ്ഥാനത്തും ആറ് ഷോകളുമായി തമിഴ് ചിത്രം മാര്‍ക്ക് ആന്റണി നാലാം സ്ഥാനത്തുമാണ്.
അതേസമയം കേരളത്തില്‍ മാത്രം 330 ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റിരിക്കുന്നത്.
റെക്കോഡ് കളക്ഷന്‍ എന്ന നിലയിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.