താരങ്ങൾക്കും സംവിധായകനുമപ്പുറം സിനിമയിലെ മറ്റുള്ളവരെ ശ്രദ്ധിക്കാതിരുന്നിടത്ത് നിന്ന് കാലം മാറിയപ്പോൾ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ കുറിച്ചും പ്രേക്ഷകർ സംസാരിക്കാൻ തുടങ്ങി. മേക്കിങ് രീതിയിൽ വന്ന മാറ്റങ്ങൾ സിനിമയിൽ എഡിറ്റിങിന് വലിയ സാധ്യതകൾക്ക് വഴിവെച്ചു.
ബാംഗ്ലൂർ ഡേയ്‌സ്, ഉസ്താദ് ഹോട്ടൽ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിൽ തുടങ്ങി ഇന്ന് കണ്ണൂർ സ്‌ക്വാഡിൽ എത്തി നിൽക്കുന്ന എഡിറ്ററാണ് പ്രവീൺ പ്രഭാകർ.
‘നമ്മൾ എഡിറ്റ് ചെയ്യുന്ന ഒരു വർക്ക് ആദ്യം നമുക്കാണ് ഇഷ്ടമാവേണ്ടത്. അല്ലെങ്കിൽ അത് മറ്റൊരാൾക്കും ഇഷ്ടമാവില്ല,’പ്രവീൺ പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു പ്രവീൺ പ്രഭാകർ.
‘എന്റെ ആദ്യത്തെ സിനിമ ഉസ്താദ് ഹോട്ടൽ ആണ്. എഡിറ്റിങിൽ എനിക്ക് പൂർണ സ്വാതന്ത്ര്യമായിരുന്നു അൻവർക്ക തന്നത്. അദ്ദേഹത്തിന് എഡിറ്റിങിൽ ഭയങ്കര സെൻസാണ്. ഒരു ഫിലിം സ്കൂളിലും പോവാത്ത എനിക്ക് എന്റെ ഫിലിം സ്കൂൾ അൻവർ റഷീദും അമൽ നീരദും അഞ്ജലി മേനോനുമൊക്കെയാണ്.
ട്രാൻസിനൊക്കെ എഡിറ്റിങിന് വേണ്ടി അൻവർക്ക എന്റെ കൂടെ ഇരിക്കും. ട്രാൻസ് സിനിമയിൽ ഏത് ഷോട്ട് എടുക്കണമെന്നുള്ളത് ഭയങ്കര കൺഫ്യൂഷനായിരുന്നു. ഫഹദിന്റെ കണ്ണ് കൊണ്ടുള്ള ഓരോ എക്സ്പ്രഷൻസ് കണ്ടാൽ തന്നെ നമുക്കത് യൂസ് ചെയ്യാതിരിക്കാൻ പറ്റില്ല. ഓരോ ടേക്കും വ്യത്യസ്തമായിരിക്കും. ഒന്നിനെക്കാൾ ബെറ്റർ ആയിരിക്കും അടുത്തത്.
ബാംഗ്ലൂർ ഡേയ്സിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ ടൈം ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത്. അതിലെ എല്ലാ താരങ്ങൾക്കും ഒരു പോലെ പ്രാധാന്യം കൊടുക്കണമല്ലോ,’പ്രവീൺ പറയുന്നു.
ബോക്സ് ഓഫീസിൽ നിറഞ്ഞോടികൊണ്ടിരിക്കുന്ന ‘ കണ്ണൂർ സ്‌ക്വാഡിന്റെ ‘ വിശേഷവും പ്രവീൺ കൂട്ടിചേർത്തു.
ചില കോമഡി സീൻസ് അടക്കം നാല്മണിക്കൂറോളം കണ്ണൂർ സ്‌ക്വാഡിന് ഡ്യൂറേഷൻ ഉണ്ടായിരുന്നെന്നും പിന്നെ അത് വേണ്ടായെന്നുവച്ചുവെന്നും പ്രവീൺ പറഞ്ഞു.
പരസ്യചിത്രങ്ങളിലൂടെയാണ് പ്രവീൺ പ്രഭാകർ സിനിമയിലേക്ക് എത്തുന്നത്.വളരെ കുറച്ചു സിനിമകളിലൂടെ തന്നെ തന്നിലെ എഡിറ്റർ ആരാണെന്ന് പ്രവീൺ തെളിയിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സ്, ഉസ്താദ് ഹോട്ടൽ തുടങ്ങി കൈവെച്ചതെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.