മലയാളത്തിലെ അനിരുദ്ധാണ് സുഷിന്‍ ശ്യാം എന്ന് പറയുകയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ്സ് രാജ്. ഒരു ട്രാക്കില്‍ തന്നെ ഒരുപാട് ലയേഴ്സ് ചെയ്യുന്ന ജീനിയസാണ് സുഷിന്‍ ശ്യാമെന്നായിരുന്നു റോബി പറഞ്ഞത്.
സിനിമയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനെ കുറിച്ചും ഫൈനല്‍ മിക്സിന്റെ സമയത്തെ വെല്ലുവിളിയെക്കുറിച്ചുമെല്ലാം ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോബി സംസാരിച്ചു.
‘സുഷിന്റെ അടുത്ത് പോയി കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്‌ക്രിപ്റ്റ് പറഞ്ഞിരുന്നു. ആദ്യം സുഷിന്‍ ഒരു ഡബിള്‍ മൈന്റായിരുന്നു. കാരണം ആ സമയത്ത് അദ്ദേഹത്തിന് ഒരുപാട് കമ്മിറ്റ്‌മെന്റ്‌സുണ്ടായിരുന്നു. അങ്ങനെ സിനിമ തുടങ്ങാറായപ്പോള്‍ ഞങ്ങള്‍ വീണ്ടും സുഷിനെ സമീപിച്ചു. അപ്പോള്‍ സുഷിന്‍ ഓക്കെ പറഞ്ഞു.
ഷൂട്ട് കഴിഞ്ഞ് എല്ലാ റഷസും കണ്ട് കഴിഞ്ഞതിന് ശേഷമാണ് കമ്പോസിങ് തുടങ്ങിയത്. അങ്ങനയേ സുഷിന്‍ ചെയ്യൂ. പാട്ടിന്റെ കാര്യത്തിലായാലും ഷൂട്ട് കഴിഞ്ഞതിന് ശേഷം മാത്രമേ സുഷിന്‍ ചെയ്യാറുള്ളൂ.
പിന്നെ ഒരു അഞ്ച് മാസം സുഷിന്റെ കയ്യില്‍ ഈ പ്രൊജക്ടുണ്ടായിരുന്നു. ഒപ്പം തന്നെ സുഷിന്‍ അദ്ദേഹത്തിന്റെ മറ്റു വര്‍ക്കുകളും ചെയ്യുന്നുണ്ടായിരുന്നു. ഏകദേശം ഒന്‍പത് റീലുകളുണ്ട്. ഓരോ റീല്‍ ചെയ്ത് കഴിഞ്ഞാലും സുഷിന്‍ ഞങ്ങളെ വിളിക്കും. പിന്നെ ഞങ്ങള്‍ സ്റ്റുഡിയോയില്‍ പോയി കേള്‍ക്കും. ചില സമയത്ത് എനിക്ക് ശരിയാവില്ല. ചിലപ്പോള്‍ സുഷിന് ശരിയാവില്ല. അതൊക്കെ നല്ല രസമായിരുന്നു.
ഇയര്‍പ്ലഗ്സില്‍ സുഷിന്റെ പാട്ടുകള്‍ കേട്ടാല്‍ തന്നെ അതിന്റെ പിറകില്‍ എന്തൊക്കയോ കാര്യങ്ങള്‍ നടക്കുന്ന പോലെ ഒരു തോന്നലാണ്. കണ്ണൂര്‍ സ്‌ക്വാഡിലെ ട്രാക്കിന്റെ ബാക്ക്ഗ്രൗണ്ടില്‍ വേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പിന്നെ മാസ്റ്ററിങിന് പോയപ്പോളാണ് അതില്‍ സുഷിന്‍ എത്ര ലയേഴ്‌സ് ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത്. ശരിക്കും അദ്ദേഹത്തിന് അത്രയും ചെയ്യേണ്ട ആവശ്യമില്ല. ശരിക്കും ബഹുമാനം തോന്നി.
മാസ്റ്ററിങിന് എനിക്ക് അധികം സമയം കിട്ടിയില്ല. ആകെ മൂന്ന് ദിവസമേ ഉണ്ടായിരുന്നുള്ളു. ഫൈനല്‍ മിക്സിനും മൂന്നു ദിവസമേ കിട്ടിയുള്ളു. അങ്ങനെയുള്ള കുറച്ച് തിരക്ക് കാരണം ഒരു 48 മണിക്കൂറോളം ഞങ്ങള്‍ ഒറ്റയിരിപ്പ് ഇരിക്കേണ്ടി വന്നു. സുഷിനും ഞങ്ങളുടെ കൂടെയിരുന്നു.
അതിനിടയില്‍ സുഷിന്‍ അദ്ദേഹത്തിന്റെതായ മാറ്റങ്ങള്‍ പാട്ടുകളില്‍ വരുത്തി. മ്യൂസിക്കിന്റെ ഔട്ട് പുട്ട് തന്നെ മാറി. എന്നാലും ക്രിയേറ്റീവ് ഡിസിഷനുള്ള സമയമുണ്ടായിരുന്നു. അങ്ങനെയെല്ലാം നോക്കുമ്പോള്‍ സുഷിന്‍ ശരിക്കും ഒരു അനിരുദ്ധ് തന്നെയാണ്. അങ്ങനെ ഒരു ജീനിയസാണ്. സിനിമയിലെ ചില സീനിലെ ഗൂസ് ബംബ്‌സിന് തന്നെ കാരണം സുഷിനാണ്’, റോബി പറഞ്ഞു.
Content Highlight: Kannur Squad Director Robi about Sushin Shyam and Anirudh