| Saturday, 18th November 2023, 10:39 am

ഒ.ടി.ടിയില്‍ പാന്‍ ഇന്ത്യന്‍; ട്രെന്‍ഡില്‍ മുന്നേറി കണ്ണൂര്‍ സ്‌ക്വാഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ് നവംബര്‍ 17നാണ് ഒ.ടി.ടിയില്‍ റിലീസായത്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ പ്രശംസയാണ് അന്യഭാഷ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്ററില്‍ റിലീസ് സമയത്ത് സംഭവിച്ചത് പോലെ മികച്ച മൗത്ത് പബ്ലിസിറ്റി ഒ.ടി.ടിയിലും കണ്ണൂര്‍ സ്‌ക്വാഡിന് ലഭിക്കുന്നുണ്ട്.

ഇപ്പോള്‍ ഒ.ടി.ടി ഇന്ത്യന്‍ ട്രെന്‍ഡിങ്ങില്‍ മുന്നേറിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഹോട്‌സ്റ്റാറില്‍ ഇന്ത്യന്‍ ട്രെന്‍ഡില്‍ മൂന്നാമതാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്ഥാനം.

അതേസമയം സമീപകാലത്ത് കണ്ട മികച്ച ത്രില്ലറാണ് കണ്ണൂര്‍ സ്‌ക്വാഡെന്നാണ് ഒ.ടി.ടി പ്രേക്ഷകര്‍ പറയുന്നത്. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേതെന്നും പ്രേക്ഷകര്‍ പറഞ്ഞു.

72ാം വയസിലും സിനിമയോടുള്ള മമ്മൂട്ടിയുടെ സ്‌നേഹം കണ്ണൂര്‍ സ്‌ക്വാഡിലൂടെ വീണ്ടും തെളിയുകയാണെന്നും ഈ പ്രായത്തില്‍ ഏത് രീതിയിലുള്ള സിനിമകളാണ് ചെയ്യേണ്ടതെന്ന് മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ അദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും പറയുന്നവരുണ്ട്. വിവിധ തമിഴ്, തെലുങ്ക് മാധ്യമങ്ങളും കണ്ണൂര്‍ സ്‌ക്വാഡിനെ പ്രശംസിച്ച് വാര്‍ത്തകളും റിവ്യൂകളും കൊടുക്കുന്നുണ്ട്.

സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ടോട്ടല്‍ ബിസിനസിലൂടെ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി നേടിയിരുന്നു.

ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Kannur Squad became trending number 3 in hotstar

We use cookies to give you the best possible experience. Learn more