തീരനുമല്ല, കുറ്റവും ശിക്ഷയുമല്ല, ഇത് നമ്മുടെ കണ്ണൂര്‍ സ്‌ക്വാഡ്; ആദ്യഷോയിലെ പ്രേക്ഷക പ്രതികരണം
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്.
ആദ്യഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘സൂപ്പര്‍ഹിറ്റ് ലോഡിങ്, തിയേറ്ററില്‍ കയ്യടിക്കാന്‍ അവസരങ്ങള്‍ ഒരുപാട്,’ എന്നാണ് സംവിധായകന്‍ ബിലഹരി ഫേസ്ബുക്കില്‍ കുറിച്ചത്.
തീരന്‍ അധികാരം ഒണ്ട്രോ കുറ്റവും ശിക്ഷയുമായോ താരതമ്യത്തിന്റെ ആവശ്യമില്ലെന്നും കണ്ണൂര്‍ സ്‌ക്വാഡ് വേറിട്ട് നില്‍ക്കുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യപുകുതിയെക്കാള്‍ മികച്ചതാണ് രണ്ടാം പകുതിയെന്നും ചിലര്‍ പറഞ്ഞു.
രണ്ടേമുക്കാല്‍ മണിക്കൂര്‍ പ്രേക്ഷകരെ എന്‍ഗേജിങ്ങാക്കി നിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും പ്രേക്ഷകര്‍ പറയുന്നു
പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.
സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.
ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
Content Highlight: Kannur Squad audience response