മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് ബോക്സ് ഓഫീസിൽ പുതു ചരിത്രമായി മുന്നേറുമ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ കലാ സംവിധായകൻ ഷാജി നടുവിൽ.
കണ്ണൂർ സ്‌ക്വാഡിലെ ലൊക്കേഷനിൽ എല്ലാ കാര്യത്തിനും മമ്മൂക്ക എപ്പോഴും കൂടെയുണ്ടായിരിന്നു എന്നാണ് ഷാജി പറയുന്നത്. ചിത്രത്തിനായി മമ്മൂട്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും ഷാജി കൂട്ടി ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഷാജി നടുവിൽ.
‘കണ്ണൂർ സ്‌ക്വാഡിന്റെ ലൊക്കേഷനിൽ സിനിമയിലെ മുഴുവൻ ടെക്നിഷ്യൻമാരുടെയും കൂടെ എപ്പോഴും മമ്മൂക്കയും ഉണ്ടായിരുന്നു. ക്യാരവാനിൽ ഒന്നും കയറാതെ രാത്രിയുള്ള ഷൂട്ടിനൊക്കെ അദ്ദേഹം ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവുമായിരുന്നു.
മിക്കവാറും രാത്രി ഒമ്പത് മണിക്കൊക്കെയാണ് ഷൂട്ട് തുടങ്ങുക. അതി രാവിലെ വരെ അദ്ദേഹം ഞങ്ങളോടൊപ്പം എല്ലാ കാര്യത്തിനും സഹായിക്കാൻ ഉണ്ടാവും. ചുറുചുറുക്കോടെ ലൊക്കേഷനിൽ നിന്ന് മാറാതെ മമ്മൂക്ക ഞങ്ങളോട് തന്നെ സംസാരിക്കുമായിരുന്നു.
ഈ പ്രായത്തിലും അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കൂടെ നിന്നിട്ട് ഇതെല്ലാം ചെയ്യുമ്പോൾ അത്ഭുതം തോന്നും. കണ്ണൂർ സ്‌ക്വാഡിൽ ടികിരി വില്ലേജിലെ വാതിൽ അടിച്ചു തുറക്കുന്ന ഒരു സീനുണ്ട്. അതെല്ലാം പുലർച്ചെ രണ്ട് മണിക്കൊക്കെയാണ് ഷൂട്ട് ചെയ്തത്.
ഇപ്പോൾ നമ്മൾ എല്ലാവരും മമ്മൂക്കയെ കാണുമ്പോൾ പറയില്ലേ എന്തൊരു എനർജിയാണ് അദ്ദേഹത്തിനെന്ന്. ആരാധകരും കാണുന്ന പ്രേക്ഷകരുമെല്ലാം അത് പറയാറുണ്ട്. ആ സമയത്തും അത്രയും എനർജിയിൽ അദ്ദേഹം നിൽക്കുന്നുണ്ട്. രാത്രിയും മമ്മൂക്ക സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്.
രാത്രി ഒരുപാട് ഷൂട്ട് ചെയ്യേണ്ട ഒരു ചിത്രമാണ് മമ്മൂക്കയെ വെച്ച് അടുത്തത് ആലോചിക്കുന്നതെങ്കിൽ സ്വഭാവികമായി അതെങ്ങനെ മമ്മൂക്കയോട് പറയും എന്നതോർത്ത് ഞങ്ങൾക്കൊരു ടെൻഷനാണ്. പക്ഷെ കണ്ണൂർ സ്‌ക്വാഡിൽ ഭൂരിഭാഗം ഷൂട്ടും രാത്രിയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ 4 സിനിമകൾ അടുപ്പിച്ച് ചെയ്തത് കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡിൽ ഞങ്ങൾക്ക് വലിയ പ്രയാസം തോന്നാതിരുന്നത്.
അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപെടുത്തി ചെയ്ത വേറൊരു സിനിമയുണ്ടാവില്ല. സംവിധായകൻ റോബിയുടെ കഴിവാണത്. മമ്മൂക്കയെ ശരിക്കും ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ മമ്മൂക്കയുടെ ഉറക്കം നഷ്ടപ്പെടുത്തി കഷ്ടപെടുത്തിയ ഒരു സംവിധായകൻ വേറേയുണ്ടാവില്ല. ആ കിരീടം റോബിക്ക് ഉള്ളതാണ്,’ ഷാജി പറയുന്നു.
Content Highlight: Kannur Squad Art Director Shajie Naduvil Talk About Mammootty