പൊലീസ് പടങ്ങളുടെ നീണ്ട നിരയുള്ള മലയാള സിനിമയിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്‌ക്വാഡ്. ദി ഗ്രേറ്റ് ഫാദര്‍, ലവ് ആക്ഷന്‍ ഡ്രാമ, വെള്ളം തുടങ്ങിയ ചിത്രങ്ങളിലൂടെ ഛായാഗ്രാഹകനായി തിളങ്ങിയ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്.
മമ്മൂട്ടി കമ്പനി ഒരുക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂക്ക എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് നടന്‍ കൂടിയായ ഡോക്ടര്‍ റോണി ഡേവിഡും ഷാഫിയും ചേര്‍ന്നാണ്. നാല് പേരടങ്ങിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥയാണ് സിനിമ പറയുന്നത്.
മമ്മൂട്ടിക്ക് പുറമേ വിജയരാഘവന്‍, റോണി ഡേവിഡ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട്, കിഷോര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. കഴിഞ്ഞ 28 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡിലെ കഥാപാത്രങ്ങളിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും ചിത്രത്തില്‍ ജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത റോണി ഡേവിഡ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
സിനിമയിലെ ഏറ്റവും നിര്‍ണായകമായിരുന്ന കാര്യമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിലേക്ക് വേണ്ട കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്നാണ് റോണി പറയുന്നത്. ചിത്രത്തില്‍ ജോസ് എന്ന കഥാപാത്രത്തിനായി ആദ്യം കരുതിയത് മറ്റൊരു നടനെയാണ് എന്നാണ് റോണി ഡേവിഡ് അഭിമുഖത്തില്‍ പറയുന്നത് .
‘അസീസിന്റെ വേഷത്തില്‍ ആദ്യം വിചാരിച്ചിരുന്നത് എന്റെ സുഹൃത്ത് ജിനുവിനെ ആയിരുന്നു, മറ്റു പല ഓപ്ഷന്‍സ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് മറ്റുചില കാരണങ്ങളാല്‍ അത് അസീസില്‍ എത്തി ചേരുകയായിരുന്നു. ഞാനും അസീസും നല്ല സുഹൃത്തുക്കള്‍ ആണ്. മുന്‍പ് ഞാനും അവനും കൂടെ ‘പഴഞ്ചന്‍ പ്രണയം’ എന്ന ഒരു സിനിമ ചെയ്തിട്ടുണ്ട്. അത് ഉടനെ പുറത്തിറങ്ങും,’ റോണി പറയുന്നു. സിനിമയില്‍ അസീസ് അവതരിപ്പിച്ച ജോസ് എന്ന കഥാപാത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. കോമഡി റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ താരമാണ് അസീസ്
കണ്ണൂര്‍ സ്‌ക്വാഡിലെ നാല്‍വര്‍സംഘത്തിലേക്ക് അര്‍ജുന്‍ അശോകന്‍, ലുക്ക്മാന്‍ അടക്കമുള്ള യുവ താരങ്ങളെ പരിഗണിച്ചിരുന്നു എന്നും റോണി അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നും റോണി പറഞ്ഞു.
വില്ലന്‍ കഥാപാത്രത്തിലേക്ക് എങ്ങനെ എത്തിയെന്ന ചോദ്യത്തിന് കിംഗ് ഓഫ് കൊത്തയില്‍ പ്രധാന വേഷം ചെയ്ത ഷബീര്‍ കല്ലറക്കലിനെ ആയിരുന്നു പ്രധാന വില്ലന്‍ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നതെന്നും എന്നാല്‍ കൊത്തയുടെ ഷൂട്ടിങ് ആ സമയം നടക്കുന്നിനാല്‍ അദ്ദേഹത്തിന് എത്തിച്ചേരാനായില്ലെന്നും റോണി പറഞ്ഞു.
മലയാള സിനിമ മുന്‍പ് പരീക്ഷിച്ചിട്ടില്ലാത്ത പുത്തന്‍ പൊലീസ് കഥയാണ് കണ്ണൂര്‍ സ്‌ക്വാഡിനെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മമ്മൂക്ക കാക്കി വേഷം അണിഞ്ഞപ്പോഴെല്ലാം മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് ,എന്നാല്‍ എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനില്‍ പ്രേക്ഷകര്‍ കാണുന്നത് ഒരു സാധാരണക്കാരനെയാണ്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന നാല്‍വര്‍ സംഘത്തിന്റെ പ്രകടനത്തോടൊപ്പം മുഹമ്മദ് റാഹിലിന്റെ ക്യാമറ കണ്ണുകളും സുഷിന്റെ സംഗീതവും ചേരുമ്പോള്‍ മികച്ചൊരു ദൃശ്യാനുഭവമായി മാറുന്നുണ്ട് കണ്ട് കണ്ണൂര്‍ സ്‌ക്വാഡിന്റെ യാത്രകള്‍.
Content Highlight: Kannur Squad Arjun ashokan and Lukman avaran Character Repacement