| Thursday, 12th October 2023, 3:44 pm

കണ്ണൂര്‍ സ്‌ക്വാഡിറങ്ങിയ ശേഷം സെക്കന്റ് ഹാന്റ് മാര്‍ക്കറ്റില്‍ സുമോക്ക് ആവശ്യക്കാര്‍ കൂടി: അങ്കിത് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ് സിനിമക്ക് ശേഷം സെക്കന്റ് ഹാന്റ് മാര്‍ക്കറ്റില്‍ സുമോക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവെന്ന് നടന്‍ അങ്കിത് മാധവ്. തന്റെ ഒരു സുഹൃത്താണ് ഇക്കാര്യം പറഞ്ഞതെന്നും ഒരു സിനിമയ്ക്ക് ആളുകള്‍ക്കിടയില്‍ ഇത്രയും സ്വാധീനം കൊണ്ടുവരാന്‍ പറ്റുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അങ്കിത് മാധവ് പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈയടുത്ത് എന്റെ ഒരു സുഹൃത്ത് വഴിയറിഞ്ഞതാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമക്കുശേഷം സെക്കന്റ് ഹാന്റ് മാര്‍ക്കറ്റില്‍ സുമോക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു എന്ന്. ഒരു സിനിമക്ക് ആളുകള്‍ക്കിടയില്‍ ഇത്രയും സ്വാധീനം കൊണ്ടുവരാന്‍ പറ്റുമോയെന്നാണ് ഞാന്‍ ആലോചിക്കുന്നത്.

സിനിമക്കുവേണ്ടി രണ്ട് സുമോ വണ്ടികള്‍ ഉപയോഗിച്ചിരുന്നു. ഒരെണ്ണത്തില്‍ റിഗെല്ലാം വെച്ച് സെറ്റ് ചെയ്തു. അടുത്തതില്‍ അല്ലാത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്യാനും ഉപയോഗിച്ചു. മാത്രമല്ല ഒരു വണ്ടിക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ രണ്ടാമത്തെ വണ്ടി ഉപയോഗിക്കാമല്ലോ.

അതില്‍ ഒരെണം മമ്മൂട്ടി കമ്പനി തന്നെ സ്വന്തമാക്കി. അത് പിന്നെ ഇവിടെ യഥാര്‍ത്ഥ കണ്ണൂര്‍ സക്വാഡിന്റെ ആളുകളെ കാണുന്ന ദിവസം അവിടെ കാണാനായി വെച്ചിരുന്നു.

പിന്നെ ഈ സിനിമയിലേക്ക് യഥാര്‍ഥ കഥയില്‍ നിന്ന് ഒരു നാല്‍പ്പതോ അറുപതോ ശതമാനം മാത്രമെ എടുത്തിട്ടുള്ളൂ. ബാക്കിയെല്ലാം സിനിമാറ്റിക്കായിരുന്നു. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അവര്‍ ആ വണ്ടി അവിടെ ഉപേക്ഷിച്ചിരുന്നോ ഇല്ലയോയെന്നറിയില്ല. സിനിമയില്‍ വണ്ടി അവിടെ ഉപേക്ഷിക്കുകയാണ്.

യഥാര്‍ഥ കണ്ണൂര്‍ സക്വാഡിലെ യോഗേഷ് ഒരു ചെറുപ്പക്കാരനാണ്. പുതിയതായി പൊലീസിലേക്ക് വന്ന ഇംഗ്ലീഷെല്ലാം കൈകാര്യം ചെയ്യാനറിയാവുന്ന ആ തുടക്കത്തിലെ രക്തതിളപ്പോടു കൂടിയ ഒരു ചെറുപ്പം കോണ്‍സ്റ്റബിള്‍ കഥാപാത്രമാണ്.

ഇയാള്‍ക്ക് കണ്ണൂര്‍ സ്‌ക്വാഡിന്റെ ഡെഡിക്കേഷനെല്ലാം കണ്ടതിനുശേഷം അവരോട് അത്ഭുതം തോന്നുകയും അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന തോന്നല്‍ വന്ന് അവന്‍പോലും അറിയാതെ അവരിലേക്ക് അലിഞ്ഞു ചേരുകയുമാണ് അത് എനിക്ക് കറക്ടായി വിവരിച്ചു തന്നിരുന്നു’ ,അങ്കിത് മാധവ് പറഞ്ഞു.

കണ്ണൂര്‍ സ്‌ക്വാഡില്‍ യോഗേഷ് എന്ന പൊലീസുകാരനെയാണ് അങ്കിത് അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് അങ്കിതിന്റെ കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

Content Highlight: Kannur Squad actor Ankit madhav about Tata Sumo Car

Latest Stories

We use cookies to give you the best possible experience. Learn more