കണ്ണൂര്‍: അമ്പത് വര്‍ഷത്തിലേറെയായ മെഡിക്കല്‍ ജീവിതത്തില്‍ നിന്ന് വിരമിച്ച് കണ്ണൂരിന്റെ ‘രണ്ട് രൂപ’ ഡോക്ടര്‍. ‘എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല, അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണ്,’ എന്നെഴുതിയ ഒരു ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് ഡോക്ടര്‍ രൈരു ഗോപാല്‍ ജനങ്ങളെ തന്റെ വിരമിക്കല്‍ അറിയിച്ചത്.
രണ്ട് രൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ വര്‍ഷങ്ങളായി അറിയപ്പെടുന്നത്. 18 ലക്ഷം രോഗികളെ പരിശോധിച്ചും മരുന്നും നല്‍കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍. മരുന്നിനും പരിശോധനയ്ക്കുമായി നാല്‍പ്പതോ അല്ലെങ്കില്‍ അമ്പത് രൂപയോ മാത്രമാണ് രോഗികളില്‍ നിന്ന് ഡോക്ടര്‍ വാങ്ങിക്കുക.
താണ മാണിക്ക കാവിനടുത്തെ വീട്ടിലാണ് പരിശോധന. രാവിലെ ആറര മുതല്‍ പരിശോധനയ്ക്കായി രോഗികളെത്തും. ഒരു ദിവസം എഴുപതില്‍ അധികം രോഗികളുണ്ടാകും. ഡോ. രൈരു ഗോപാലിന് പുറമെ സഹോദരന്‍ ഡോ. വേണുഗോപാലും ഡോ. രാജഗോപാലും സന്നദ്ധ സേവനം നടത്തുന്നുണ്ട്.
പണമുണ്ടാക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും പണിക്ക് പോയാല്‍ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛന്‍ ഡോ. എ ഗോപാലന്‍ നമ്പ്യാര്‍ നല്‍കിയ ഉപദേശം. പിന്നാലെയാണ് പരിശോധന ഫീസ് തുച്ഛമാക്കാന്‍ തീരുമാനിക്കുന്നത്.
വിലകുറഞ്ഞ ഗുണമേന്‍മയുള്ള മരുന്നുകളാണ് ഡോക്ടര്‍ കുറിക്കുകയെന്നും ഇങ്ങനെയൊരു ഡോക്ടര്‍ ഇനിയുണ്ടാവില്ലെനന്നുമാണ് കണ്ണൂരുകാരുടെ പ്രതികരണം. വിരമിക്കല്‍ വിവരം അറിയിച്ചതോടെ ഡോക്ട്ടറിന് നന്മകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി. വിശ്രമ ജീവിതം സുഖപ്രദമാക്കട്ടെ എന്ന് ആംശംസിച്ചുകൊണ്ട് കണ്ണൂരുകാര്‍ ഡോ. രൈരു ഗോപാലിന്റെ സേവനത്തിന് നന്ദി അറിയിക്കുന്നു.
Content Highlight: Kannur’s ‘two rupees’ doctor resigns from more than fifty years of medical career