പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതിഷേധക്കാരെ വിമര്‍ശിച്ചും ഗവര്‍ണര്‍; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച് ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍
CAA Protest
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതിഷേധക്കാരെ വിമര്‍ശിച്ചും ഗവര്‍ണര്‍; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച് ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2019, 12:24 pm

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍. കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ ഗവര്‍ണര്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു പ്രതിഷേധം. പൗരത്വ ഭേഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ഗവര്‍ണര്‍ സംസാരിക്കവേയായിരുന്നു പ്രതിഷേധം.

പ്രസംഗം തുടങ്ങി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയുകയും ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതില്‍ ഇടപെടില്ലെന്നും പറയുകയായിരുന്നു.

എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഇത് രാഷ്ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ വേദിയുടെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന ജാമിഅ മില്ലിയ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ” റിജക്ട് സി.എ.എ” എന്നഴുതിയ പ്ലക്കാര്‍ഡുമായി എഴുന്നേറ്റു നിന്നു. ഇത് പിന്നീട് കൂടുതല്‍ പേര്‍ ഏറ്റെടുക്കുകയും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

അവരെ തടയരുതെന്നും അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ആദ്യ ഘട്ടത്തില്‍ ഗവര്‍ണര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പ്രതിഷേധത്തിന് വയലന്‍സിന്റെ സ്വഭാവം വന്നെന്ന് അദ്ദേഹം പറയുകയും ഇതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയുമായിരുന്നു.

ഇതൊരു രാഷ്ട്രീയപ്രശ്‌നം മാത്രമാണെന്നും ചരിത്രകോണ്‍ഗ്രസില്‍ അതേക്കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഗവര്‍ണര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് സംസാരിച്ചത് മുഴുവന്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്‍പിലും രാജ്ഭവന് മുന്‍പിലും കോഴിക്കോട് അദ്ദേഹം വന്നപ്പോഴുണ്ടായ പ്രതിഷേധത്തെ കുറിച്ചുമെല്ലമായിരുന്നു. വിഷയത്തില്‍ സംസാരിക്കില്ലെന്ന് പറഞ്ഞ ശേഷം ഇത്തരം പ്രതിഷേധങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചതോടെയാണ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തേയും അനുകൂലിക്കില്ലെന്നും ആദ്യ ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിമയത്തിലെ നിലപാടില്‍ ചര്‍ച്ചയ്ക്ക് വരാന്‍ ആരും തയ്യാറാകുന്നില്ലെന്നും പൗരത്വ നിയമത്തിന്റെ പേരില്‍ തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളാരും ചര്‍ച്ച ചെയ്യാന്‍ വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ചര്‍ച്ചയ്ക്കും വാദപ്രതിവാദത്തിനുമുള്ള അവസരം ഇല്ലാതാക്കുമ്പോള്‍ അത് വഴിതുറന്നുകൊടുക്കുക അക്രമത്തിന് മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.